കോഴിക്കോട്: നവരാത്രി ആഘോഷം പൂജയുടേതാണ്. എണ്ണമറ്റ വാഹനങ്ങളും ഈ നാളിൽ പൂജിക്കുന്നുണ്ട്. അങ്ങിനെ വലിയ വാഹനങ്ങള്‍ക്കിടയിൽ ഒരു കുഞ്ഞ് വാഹനവും പൂജിക്കപ്പെട്ടു. കൊയിലാണ്ടി അണേല മരുതൂർ കോലാറമ്പത്ത് ക്ഷേത്രത്തിലാണ് നാലര വയസുകാരൻ തന്‍റെ വാഹനം പൂജിച്ചത്.
ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ അച്ഛൻ അരുൺ വാങ്ങിക്കൊടുത്ത ടോയ് കാറാണ് മകൻ അഥർവ് (ആദിമോൻ) പൂജിച്ചത്. അച്ഛന്‍റെ സഹോദരിയുടെ മകളേയും കൂട്ടിയാണ് അമ്പലത്തിൽ പോയത്. വീട്ടിലെ ടൂ വീലറുകൾ പൂജിക്കുന്നതിന്‍റെ ചർച്ചകൾ കേട്ടാണ് ആദിയും തന്‍റെ കാർ പൂജിക്കാൻ വാശി പിടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടുകാരേയും ബന്ധുക്കളേയും കൂടെ കൂട്ടി അവൻ കാര്യം നേടിയെടുത്തു. പൂജാരിക്ക് ദക്ഷിണ നൽകി ആശീർവാദവും ഏറ്റുവാങ്ങി. അരുൺ സിബി ദമ്പതികളുടെ മകനായ അഥർവ് കോമത്ത്കര വാരിയന്‍റ് പബ്ലിക് സ്‌കൂളിലെ എൽകെജി വിദ്യാർഥിയാണ്. ബസ് ഡ്രൈവറായ അച്ഛച്ചന്‍ അശോകനിൽ നിന്നാണ് കുഞ്ഞു അഥർവിന് വാഹന കമ്പം കയറിയത്.