തൃശൂർ: മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം ഓടയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് 11 മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം തിരൂരിൽ നിന്ന് 11 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ കാണാനില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു. ഇതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകമറിയുന്നത്.
തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയായ ശ്രീപ്രിയയാണ് മാതാവ്. മൂന്ന് മാസം മുമ്പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച ശ്രീപ്രിയ കാമുകനൊപ്പം പോയത്. തുടര്‍ന്ന് മലപ്പുറം തിരൂരിലെത്തി വീട് വാടകയ്‌ക്കെടുത്ത ഇരുവരും കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി ട്രെയിനില്‍ തൃശൂരിലെത്തി റയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചു.
കുഞ്ഞിനെ അന്വേഷിച്ച് ഇന്ന് (മാര്‍ച്ച് 1) ശ്രീപ്രിയയുടെ ഭര്‍ത്താവ് തിരൂരിലെത്തിയിരുന്നു. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു. ഇതോടെയാണ് കാമുകനൊപ്പം ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയന്ന് ശ്രീപ്രിയ മൊഴി നല്‍കിയത്.
യുവതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരെയും തൃശൂരിലെത്തിച്ച പൊലീസ് ഓടയില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്‍റെ രണ്ടാമത്തെ പ്രവേശന കവാടത്തിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്‌ടം ലഭിച്ചത്. മൃതദേഹം കുട്ടിയുടേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.