പത്തനംതിട്ട : ജില്ലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ നിരോധിത പുകയില ശേഖരം പിടികൂടി. തിരുവല്ല കുന്നന്താനം പാമലയിൽ നിന്നും പത്ത് ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പാമല പുളിമൂട്ടില്‍ പടിയില്‍ ജയന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയുടെ മറവില്‍ വിറ്റഴിച്ചിരുന്ന പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയത്. ഇവിടെ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന അമ്പലപ്പുഴ കരുമാടി തുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (47) നെ ചൊവ്വാഴ്‌ച രാത്രി തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ സംഘം മുത്തൂര്‍ - കാവുഭാഗം റോഡിലെ മന്നംകര ചിറയില്‍ നിന്നും പിടികൂടിയിരുന്നു.
ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പാമലയിലെ ഹോളോബ്രിക്‌സ് കമ്പനി സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ പുളിമൂട്ടില്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന ജെകെ ബ്രിക്‌സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്‌ഡില്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന 29 ചാക്ക് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ കുന്നന്താനം സ്വദേശി ജയന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ ഗിരീഷ് കുമാറിനെയും പുകയില ഉത്‌പന്നങ്ങളും കൂടുതല്‍ നടപടികള്‍ക്കായി തിരുവല്ല പൊലീസിന് കൈമാറി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ രാജേന്ദ്രന്‍, പ്രിവൻ്റീവ് ഓഫിസര്‍ വികെ സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അര്‍ജുന്‍ അനില്‍, പ്രിവൻ്റീവ് ഓഫിസര്‍ എന്‍ഡി സുമോദ് കുമാര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
Also Read: പഞ്ചസാര ചാക്കുകള്‍ക്കടിയില്‍ ലഹരിവസ്‌തുക്കള്‍; രാത്രികാല പെട്രോളിങ്ങിനിടെ യുവാവിനെ പിടികൂടി പൊലീസ്