എറണാകുളം: വിറക് അടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് അല്‍പം രുചിയേറും. അടുപ്പ് കത്തിച്ച് മണ്‍കലത്തില്‍ വേവിക്കുന്ന കറികള്‍ക്കെല്ലാം എന്താണൊരു ടേസ്റ്റ്. എന്തിന് ഏറെ പറയുന്നു വിറക് അടുപ്പിലുണ്ടാക്കിയ ഒരു ഗ്ലാസ് ചായയ്‌ക്ക് പോലും അപാര രുചിയായിരിക്കും.
എന്നാല്‍ അടുക്കളകളില്‍ നിന്നെല്ലാം ഇന്ന് ഈ അടുപ്പുകള്‍ അപ്രത്യക്ഷമായിട്ട് നാളൊരുപാടായി. അടുക്കളെയെല്ലാം ഹൈടെക്ക് ആയതും വിറക് അടുപ്പിലെ പുകയുമെല്ലാം കാരണമാണ് വീട്ടമ്മമാര്‍ വിറകടുപ്പിനോട് വിട പറഞ്ഞത്. വിറക് അടുപ്പിന് പകരക്കാരായി ഗ്യാസും ഇന്‍റക്ഷനുമെല്ലാം അടുക്കളയില്‍ സ്ഥാനം പിടിച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങളേറെയായി.
പക്ഷേ ഗ്യാസ് സിലിണ്ടറിന്‍റെ വില കൂടിക്കൂടി വരുമ്പോള്‍ അതും താങ്ങാനാവാതെ വരുന്നു. ഇന്‍റക്ഷന്‍ സ്റ്റൗ ആകാമെന്ന് വച്ചാല്‍ 'ഷോക്കടിപ്പിക്കുന്ന' കറണ്ട് ചാര്‍ജ് തിരിച്ചടിയാവുന്നു. എല്ലാ വീട്ടിലും പരാതിയാണ്. "ഇതെങ്ങിനെ ശരിയാവും സാധാരണക്കാര്‍ക്കും ജീവിക്കണ്ടേ."
ഈ ചോദ്യത്തില്‍ നിന്നാണ് എറണാകുളത്തെ ഹോട്ടല്‍ നടത്തിപ്പുകാരനായ രാജീവന്‍ ബദലുകള്‍ തേടിയുള്ള യാത്രകള്‍ തുടങ്ങിയത്. ഗ്യാസിനും ഇന്‍റക്ഷനും പകരക്കാരനായി ഇലക്ട്രിക്ക് വിറകടുപ്പ് തൊട്ട് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലൊക്കെ പ്രചാരത്തിലുളളതായി കേട്ടിരുന്നു. അങ്ങിനെയാണ് അതിനേക്കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നത്. ഹോട്ടലില്‍ ഉപയോഗിക്കാന്‍ പറ്റിയ അടുപ്പു തേടി പല നാടുകളിലും അലഞ്ഞു. ആ അന്വേഷണം ചെന്നുനിന്നത് കാസ്റ്റ് അയേണില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് വിറകടുപ്പുകളിലാണ്.
ഇപ്പോള്‍ രാജീവന്‍ ഉറപ്പിച്ചു പറയുന്നു. ഗ്യാസിനും ഇന്‍റക്ഷനുമെല്ലാം അടുക്കള വിടാന്‍ സമയമായിരിക്കുന്നു.കേരളത്തില്‍ തരംഗമാകാന്‍ പോകുന്നതാണ് വൈദ്യുത വിറക് അടുപ്പുകള്‍. പാചക വാതകത്തിന്‍റെ വിലയും കറണ്ട് ചാര്‍ജില്‍ അടിക്കടിയുണ്ടാവുന്ന വര്‍ധനവും അടുക്കള ബജറ്റിന്‍റെ താളം തെറ്റിക്കുന്ന കാലത്ത് മലയാളികള്‍ക്കും പോംവഴി വൈദ്യുത വിറക് അടുപ്പുകൾ തന്നെ. ഇതോടെ വിഭവങ്ങള്‍ക്ക് നഷ്‌ടമായ ആ പഴയ വിറകടുപ്പിന്‍റെ രുചിയും തിരിച്ചു പിടിക്കാം.
പ്രത്യേകതകള്‍
ഗാർഹിക ഉപഭോക്താക്കൾക്കും അതിലേറെ വാണിജ്യ ഉപഭോക്താക്കൾക്കും ലാഭത്തോടെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇത്തരം അടുപ്പുകൾ. തമിഴ്‌നാട്ടിൽ ഉൾപ്പടെ വൈദ്യുത വിറക് അടുപ്പുകൾ പ്രചാരത്തിലുണ്ടെങ്കിലും മലയാളികൾ അടുത്ത കാലത്താണ് ഇത്തരമൊരു അടുപ്പിനെ കുറിച്ച് അറിയുന്നത്. വളരെ ലളിതമായ സാങ്കേതിക വിദ്യയിലാണ് വൈദ്യുത വിറക് അടുപ്പുകൾ രൂപ കല്‍പ്പന ചെയ്‌തിട്ടുള്ളത്.
നന്നായി ചൂടിനെ ആഗിരണം ചെയ്യുന്ന കാസ്റ്റ് അയേൺ ഉപയോഗിച്ചാണ് വൈദ്യുത വിറക് അടുപ്പ് നിർമ്മിച്ചിട്ടുള്ളത്. വിറക് ചെറിയ കഷണങ്ങളാക്കി നിറച്ച് കത്തിക്കാനുളള ഒരു ഭാഗവും തീയുടെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിനുള്ള കാറ്റ് പ്രധാനം ചെയ്യുന്ന ഫാനുമാണ് മറ്റൊരു ഭാഗം. വളരെ ചെറിയ അളവിലുള്ള വൈദ്യുതി മാത്രമാണ് ഈ ചെറിയ ഫാൻ പ്രവർത്തിക്കാൻ ആവശ്യമുള്ളത്. ബാറ്ററി ഉപയോഗിച്ച് പോലും ഈ ഫാൻ പ്രവർത്തിപ്പിക്കാൻ കഴിയും.
ലാഭകരം
ഹോട്ടലുകൾ ഉൾപ്പടെ പ്രതി ദിനം വാണിജ്യ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാന്‍ 1800 രൂപയിലധികം ചെലവ് വരുന്നുണ്ട്. വൈദ്യുത വിറക് അടുപ്പുകൾ ഉപയോഗിക്കുമ്പോൾ ചെലവ് വെറും 500 രൂപയിൽ താഴെ മാത്രമെ വരികയുള്ളൂവെന്ന് തിരുവള്ളുവർ വുഡ് സ്റ്റൗവിന്‍റെ കേരളത്തിലെ വിതരണക്കാരനായ ഷാറൂഖ് പറയുന്നു.
ഗ്യാസ് അടുപ്പിന്‍റെ അതേ ഉപയോഗമാണ് വൈദ്യുത വുഡൻ സ്റ്റൗവിനുമുള്ളത്. തുടർച്ചയായി പന്ത്രണ്ട് മണിക്കൂർ ഉപയോഗിച്ചാൽ പോലും ഇത്തരം അടുപ്പുകൾക്ക് ആവശ്യമായി വരുന്നത് 500 രൂപയിൽ താഴെ വിലവരുന്ന വിറകും, നാലോ അഞ്ചോ രൂപയുടെ വൈദ്യുതിയും മാത്രമാണെന്നും ഷാറൂഖ് വിശദീകരിച്ചു.
"വീടുകളിൽ ഒരു മണിക്കൂർ ഈ അടുപ്പ് ഉപയോഗിക്കുന്നതിന് പത്ത് രൂപയുടെ ചെലവ് മാത്രമാണ് വരിക. അടുപ്പ് വാങ്ങിച്ചവരൊക്കെ സംതൃപ്‌തരാണ്. അവർക്ക് ഗ്യാസ് അടുപ്പിനെക്കാൾ ലാഭം കിട്ടിയതായാണ് അവരൊക്കെ പറയുന്നത്."
8000 രൂപ വിലവരുന്ന മൂന്ന് കിലോ വരെ പാചകം ചെയ്യാവുന്ന അടുപ്പുകൾ മാത്രമാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ആവശ്യമായി വരുന്നത്. ഇതിനാകട്ടെ വളരെ ചെറിയ അളവിലുള്ള വിറക് മാത്രം മതിയാകുമെന്നതും ഈ അടുപ്പിന്‍റെ ആകർഷണമാണ്. വിറക് കത്തുമ്പോള്‍ പുക അടുപ്പിൽ നിന്നുണ്ടാകുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
വിറക് ഉപയോഗിച്ച് പാചകം നടത്തുമ്പോള്‍ അടുപ്പില്‍ നിന്ന് ചൂട് പുറത്തേക്ക് കൂടി വ്യാപിക്കുമോ എന്ന് പല ഉപഭോക്താക്കള്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ അടുപ്പിനകത്തല്ലാതെ ചൂട് പുറത്തേക്ക് വരില്ലെന്നാണ് ഈ അടുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വുഡൻ സ്റ്റൗവിന്‍റെ പ്രധാന പ്രത്യേകതകള്‍:
- ഗ്യാസ് അടുപ്പിന്‍റെ മൂന്നിലൊന്ന് പോലും സാമ്പത്തിക ചെലവ് ഇല്ല.
- ഹോട്ടലുകൾ ഉൾപ്പടെയുള്ള വാണിജ്യസ്ഥാപനങ്ങൾക്ക് പ്രവർത്തന ചെലവ് ചുരുക്കി ലാഭം വർധിപ്പിക്കാൻ കഴിയും.
- വിറക് കത്തിച്ച് പ്രവർത്തിക്കുന്ന അടുപ്പിൽ പാചകം ചെയ്യുന്നതിനാൽ വിഭവങ്ങൾക്ക് രുചിയേറുന്നു.
- പുകയില്ലാത്തതിനാൽ എവിടെ വച്ചും ഇത്തരം അടുപ്പുകൾ ഉപയോഗിക്കാൻ കഴിയും.
- വിറക് കത്തിച്ച് ഉണ്ടാകുന്ന ചാരം എളുപ്പത്തിൽ ശേഖരിക്കാൻ പ്രത്യേക ട്രേയും ഈ അടുപ്പിലുണ്ട്.
- മൂന്ന് കിലോ അരി മുതൽ നൂറ് കിലോ അരി വരെ പാകം ചെയ്യാൻ കഴിയുന്ന അടുപ്പുകൾ വിപണിയിലുണ്ട്.
- 8000 മുതലാണ് വൈദ്യുത വിറക് അടുപ്പുകളുടെ വില.
- ഒരു വർഷം ഗ്യാന്‍റിയോടെയാണ് വിവിധ കമ്പനികൾ വൈദ്യുത വിറക് അടുപ്പുകൾ വിതരണം ചെയ്യുന്നത്.
അനുഭവം പങ്കിട്ട് ഉപഭോക്താവ്: വുഡന്‍ സ്റ്റൗ അടുപ്പുകളുടെ ഉപയോഗം നൂറ് ശതമാനം വിജയകരമാണെന്ന് കലൂർ കത്രിക്കടവിലെ മച്ചലി റസ്റ്റോറന്‍റ് ഉടമ രാജീവ് പറഞ്ഞു. ഗ്യാസ് അടുപ്പുമായി ഈ വുഡൻ സ്റ്റൗവിനെ താരതമ്യം ചെയ്യാൻ പോലും കഴിയില്ല. ഇത്തരമൊരു അടുപ്പിനെ കുറിച്ച് അറിയാൻ തമിഴ്‌നാട്ടിൽ ഉൾപ്പടെ താൻ അന്വേഷിച്ച് പോയിരുന്നു.
കാസ്റ്റ് അയേൺ നിർമ്മിതമായ അടുപ്പുകൾ വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക ലാഭം മാത്രമല്ല ഇത്തരം അടുപ്പുകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് രുചിയേറെയാണ്. ഇതിന് പുറമെ നിരവധി ഗുണങ്ങൾ വേറെയുമുണ്ട്. സാധാരണ ബർണറിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചൂടാണ് ഈ സ്റ്റൗവിൽ നിന്ന് ലഭിക്കുന്നതെന്നും അതുകൊണ്ട് വേഗത്തില്‍ ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read |