തിരുപ്പൂർ : തമിഴ്‌നാട് തിരുപ്പൂരിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ യാത്രക്കാരായ തിരുപ്പൂർ സ്വദേശികളായ ചന്ദ്രശേഖർ, ചിത്ര, പ്രിൻസ്, അരിവിത്ര, മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് സാക്ഷി തുടങ്ങിയവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
ചന്ദ്രശേഖറും ചിത്രയും അറുപതാം വിവാഹവാർഷികം ആഘോഷിക്കാൻ തിരുക്കടയൂരിൽ നിന്ന് ഇന്നലെ തിരുപ്പൂരിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. തമിഴ്‌നാട് സർക്കാർ ബസുമായാണ് ചന്ദ്രശേഖർ ഓടിച്ച കാർ കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് കോയമ്പത്തൂർ-ട്രിച്ചി ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെള്ളക്കോവിൽ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത കുരുക്ക് നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.