തിരുവനന്തപുരം : ടിപ്പർ ലോറി ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചുകയറി തലസ്ഥാനത്ത് നടുറോഡിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പനവിള ജംഗ്ഷനിൽ ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ സഞ്ചരിച്ച പേയാട് മലയിൻകീഴ് സ്വദേശി സുധീർ ജിഎസ് ആണ് മരിച്ചത് (Scooter Passenger Died After Being Hit By Tipper).
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോറിയുടെ പിൻചക്രങ്ങൾ സുധീറിന്‍റെ ശരീരത്തിൽ കയറിയിറങ്ങി. അപകടം നടന്നയുടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരക്കേറിയ നിരത്തിലെ ടിപ്പർ ലോറി യാത്ര കാരണം തലസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ALSO READ:ഇടുക്കിയില്‍ വിനോദസഞ്ചാരികളെത്തിയ ട്രാവലര്‍ മറിഞ്ഞു ; ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ നാല് മരണം
ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു, വിഴിഞ്ഞം അദാനി തുറമുഖത്തിലേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് ദേഹത്തുവീണ് മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അപകടത്തിൽ അനന്തുവിന്‍റെ ശ്വാസകോശവും കരളും തകർന്നതാണ് മരണകാരണം. അനന്തുവിന്‍റെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതിന് മുൻപാണ് തലസ്ഥാനത്ത് വീണ്ടുമൊരു ടിപ്പർ ദുരന്തം ഉണ്ടായത്.