കോഴിക്കോട്: കനത്ത ചൂടിൽ ടൈലുകൾ പൊട്ടിത്തെറിച്ചു. ബാലുശ്ശേരിക്ക് സമീപം പനങ്ങാട്‌കാറ്റോട്ടിൽ കോപ്പറ്റ ബാബുവിന്‍റെ വീടിന്‍റെ മുകള്‍ നിലയിലെ ടൈലുകൾ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം. വലിയ ശബ്‌ദം കേട്ട് വീട്ടുകാർ പരിഭ്രമിച്ച് പുറത്തേക്ക് ഓടി മാറി.
ഏറെനേരം കഴിഞ്ഞ് വീടിൻ്റെ മുകൾനിലയിൽ എത്തിയപ്പോഴാണ് മുറികളിലെ ടൈലുകൾ മുക്കാൽ ഭാഗവും പൊട്ടിത്തെറിച്ചത് ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആദ്യം സംഭവം എന്താണെന്ന് മനസിലായിരുന്നില്ല. ഈ ഭാഗത്ത് മുറികളിൽ വലിയ രീതിയിൽ വെയിൽ ഏൽക്കുന്ന സ്ഥലമാണ്.
ഇത്തരത്തിൽ കനത്ത രീതിയിൽ ചൂടായതാണ് ടൈലുകൾ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് കരുതുന്നത്. പഞ്ചായത്തിലും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപ് തൊട്ടടുത്ത പ്രദേശത്തും ഇതിന് സമാനമായ രീതിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചിരുന്നു.