കണ്ണൂര്‍ : കൊട്ടിയൂർ പന്നിയാൻമലയിൽ നിന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു (Tiger caught from Kannur Kottiyoor died). കൊട്ടിയൂരിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വച്ചാണ് കടുവ ചത്തത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ ഇന്നലെ (ഫെബ്രുവരി 13) ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. കടുവയ്ക്ക് കാര്യമായ പരിക്കില്ല എന്നായിരുന്നു ഡിഫ്ഒ വ്യക്തമാക്കിയത്. കണ്ണൂർ കൊട്ടിയൂരിനടുത്തുള്ള പന്നിയാൻമലയിൽ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത് (Kannur Kottiyoor tiger).
പുലർച്ചെ നാല് മണിക്ക് റബർ ടാപ്പിങ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തിയാണ് കടുവയെ മയക്കുവെടി വച്ചത്. പിന്നീട് കൂട്ടിലേക്ക് മാറ്റിയ കടുവയെ ആറളം വന്യജീവി സങ്കേതത്തിലെത്തിച്ചു.
ഇവിടെ നിന്നാണ് രാത്രിയോടെ കോഴിക്കോടേക്ക് കൊണ്ടുപോയത്. വന്യ മൃഗങ്ങളെ സംരക്ഷിക്കേണ്ടിടത്ത് തെറ്റായ രീതിയിൽ ഉള്ള വനം വകുപ്പിന്‍റെ സമീപനത്തിൽ മൃഗ സ്നേഹികൾക്കിടയിലും പ്രതിഷേധം ശക്തമാവുകയാണ്. മയക്കു വെടിവച്ച ശേഷം മൃഗങ്ങൾ ചാകുന്നത് ഇത് നാലാം തവണയാണ്.