തൃശൂര്‍ : തൃശിവപേരൂരിൽ ഇന്ന് പൂര വിളംബരം. നെയ്‌തലക്കാവിലമ്മയുടെ തിടമ്പുമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറക്കും. നാളെയാണ് പ്രസിദ്ധമായ തൃശൂർ പൂരം നടക്കുക.
മേളമൊഴിയാത്ത പൂരരാവുകൾക്കായി വടക്കുന്നാഥന്‍റെ തെക്കേ ഗോപുരനട തുറക്കാനുള്ള നിയോഗം നെയ്‌തലക്കാവിലമ്മയ്ക്കാണ്. രാവിലെയോടെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളി വടക്കുംനാഥ സന്നിധിയിലെത്തിയാണ് ദേശ പൂരങ്ങൾക്കായി നട തുറക്കുക. ഇത്തവണയും എറണാകുളം ശിവകുമാറാണ് നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പുമേന്തി പൂര വിളംബരം നടത്തുക.
പൂരവിളംബരം കഴിഞ്ഞാൽ പിന്നെ വടക്കുന്നാഥന്‍റെ നിലപാടു തറയിൽ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖ് നാദം ഉയരും. മറ്റു ഘടക പൂരങ്ങളിൽ നിന്നും വ്യത്യസ്‌തമാണ് നെയ്‌തലക്കാവിലെ കൊടിയേറ്റ ചടങ്ങ്. കൊടിയേറ്റ സമയത്ത് നെയ്‌തലകാവിൽ രണ്ട് കൊടികൾ ഉയരും.
പൂര ദിവസം രാവിലെ പതിനൊന്നു മണിയോടെ എത്തുന്ന നെയ്‌തലക്കാവ് ഭഗവതി പകൽപ്പൂരവും രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങുക. പൂരത്തിലെ അവസാനത്തെ ചെറുപൂരം കൂടിയാണ് നെയ്‌തലക്കാവ് ഭഗവതിയുടേത്.