തൃശൂർ: പൂരത്തിന്‍റെ വരവറിയിച്ച് പാറമേക്കാവ് ദേവസ്വത്തിന്‍റെ മണികണ്‌ഠനാൽ പന്തൽ കാൽനാട്ടൽ കർമ്മം നടന്നു. ചടങ്ങിൽ പാറമേക്കാവ് മേൽശാന്തി കാരേക്കാട്ട് രാമൻ നമ്പൂതിരി ഭൂമി പൂജ നടത്തി. രാവിലെ 9-നും 10.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവിധ ചടങ്ങുകളോടെ കാൽനാട്ടൽ കർമ്മം നടന്നത്.
എടപ്പാൾ നാദം സൗണ്ട് ഇലക്‌ട്രിക്‌സിന്‍റെ സി. ബൈജുവിന്‍റെ നേതൃത്വത്തിലാണ് മണികണ്‌ഠനാൽ പന്തൽ നിർമാണം. ശനിയാഴ്‌ചയാണ് (06-04-2024) തിരുവമ്പാടി വിഭാഗത്തിന്‍റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെ കാൽനാട്ടു കര്‍മ്മം നടക്കുക. നടുവിലാൽ പന്തലിന്‍റെ കാൽനാട്ട് രാവിലെ എട്ടിനും, നായ്ക്കനാൽ പന്തലിന്‍റെ കാൽനാട്ട് രാവിലെ ഒമ്പതിനും നടക്കും.
ഏപ്രില്‍ 13ന് പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും, ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഏപ്രിൽ 19-നാണ് ലോക പ്രസിദ്ധമായ തൃശൂർ പൂരം നടക്കുക. പൂരത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും നല്ല രീതിയിൽ നടന്നു വരികയാണെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
പൂരങ്ങളുടെ പൂരമെന്നാണ് തൃശൂർ പൂരത്തിന്‍റെ വിശേഷണം. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.
പൂരം കാണുവാനായി വിദേശികളടക്കം ധാരാളം ആളുകൾ തൃശൂരിൽ എത്തും. ഇലഞ്ഞിത്തറ മേളവും, പകൽപ്പൂരവും, വെടിക്കെട്ടും, ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും, ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയും തൃശൂർ പൂരത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്.
എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്‍റെ ക്ഷേത്ര പരിസരത്ത് തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാന ദിവസത്തെ പൂരാഘോഷങ്ങൾക്ക് അരങ്ങൊരുങ്ങുന്നത്.
രാവിലെ ആറരയോടെ വടക്കുന്നാഥന്‍റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്‌താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.
എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്‍റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ ബന്ധപ്പെട്ട ചടങ്ങുകള്‍ ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.