എറണാകുളം : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കെ.ബാബു ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസയച്ചു. തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്‌ത് എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിൽ മത ചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നായിരുന്നു എതിർ സ്ഥാനാർഥി കൂടിയായ കെ സ്വരാജിൻ്റെ ആരോപണം.
എന്നാല്‍ ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ല എന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എം സ്വരാജിന് വേണ്ടി ഹാജരാക്കിയ സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തി.
ശബരിമല വിഷയം ഏറ്റവുമധികം ചർച്ചയായ മണ്ഡലത്തിൽ ശബരിമല അയ്യപ്പൻ്റെ പേരിൽ പ്രചാരണം നടത്തിയായിരുന്നു കെ ബാബുവിൻ്റെ വിജയമെന്നാണ് എം സ്വരാജിൻ്റ ആരോപണം. സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഎം നേതാവ് എം സ്വരാജിനെ 992 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കോൺഗ്രസിലെ കെ ബാബു തൃപ്പൂണിത്തുറ തിരിച്ച് പിടിച്ചത്.
കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ എം സ്വരാജ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് വീടുകളിൽ വിതരണം ചെയ്‌ത വോട്ടേഴ്‌സ് സ്ലിപ്പുകൾക്കൊപ്പം ശബരിമല അയ്യപ്പന്‍റെ പടം വിതരണം ചെയ്തെന്നും സ്ഥാനാർഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്‍റെ പടം കൂടി ചേർത്ത് പ്രചാരണം നടത്തിയെന്നുമാണ് പരാതി.
താൻ തോറ്റാൽ മണ്ഡലത്തിൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നും എം സ്വരാജ് ആരോപിച്ചിരുന്നു. ഇതിന് തെളിവായി കെ ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഉൾപ്പെടെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.
Also Read : കെ ബാബുവിന് എംഎല്‍എയായി തുടരാം; സ്വരാജിന്‍റെ ഹര്‍ജി തള്ളി - High Court rejects M Swaraj plea