എറണാകുളം : ഒരു നിമിഷം കൊണ്ട് തകർന്നുവീണത് ശ്രീനാഥും ശ്രീലക്ഷ്‌മിയും കണ്ട സ്വപ്‌നങ്ങളാണ്. വാടക വീട്ടില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്‌നത്തിലേക്ക് ഒരു ദിവസത്തിന്‍റെ മാത്രം ദൂരത്ത് നില്‍ക്കുമ്പോഴാണ് ആ സ്ഫോടനം. രണ്ട് പേരുടെ ജീവനെടുക്കുകയും അൻപതോളം വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്‌ത തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനം.
ഇതുവരെയുള്ളതെല്ലാം എല്ലാം സ്വരുക്കൂട്ടി ലോണെടുത്താണ് ശ്രീനാഥും ശ്രീലക്ഷ്‌മിയും ഈ വീട് നിർമിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും സാന്നിധ്യത്തില്‍ ഗൃഹപ്രവേശം നടന്നു. തിങ്കളാഴ്‌ച രാവിലെയോടെ പുതിയ വീട്ടിലേക്ക് താമസം മാറാനായി എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ പുറത്തേക്ക് ഓടുകയായിരുന്നു ഇവർ. പുതു വീടിന്‍റെ ജനൽ ചില്ലുകൾ മുഴുവനും തകർന്ന് വീണു. വാതിലുകൾക്കും ചുമരിലും വിള്ളൽ വീണു. പല വാതിലുകളും അടയ്ക്കാൻ കഴിയാത്ത അവസ്ഥ. സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്. എല്ലാം ശരിയാക്കി ശ്രീനാഥിനും ശ്രീലക്ഷ്‌മിയ്ക്കും ശ്രീവിലാസത്തിലേക്ക് താമസം മാറാൻ ഒരു മാസമെങ്കിലും സമയം വേണ്ടി വരും. ഗൃഹപ്രവേശത്തിനായി വീട്ടുമുറ്റത്ത് ഉയർത്തിയ പന്തൽ ഇവിടെയുണ്ട്. തകർന്നുവീണ സ്വപ്‌നങ്ങൾക്ക് സാക്ഷിയായി. ഇവരുടെ നഷ്‌ടങ്ങൾക്ക് ആരാണ് പരിഹാരം നല്‍കുക എന്ന ചോദ്യം ബാക്കിയുണ്ട്.
ALSO READ : തൃപ്പൂണിത്തുറ പടക്ക ശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്