എറണാകുളം: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തച്ചമയ ഘോഷയാത്ര നാളെ (സെപ്‌റ്റംബര്‍ 6) നടക്കും. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്ക്കൂളിലെ അത്തം നഗറിൽ അത്ത പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. നിയമസഭ സ്‌പീക്കർ എഎൻ ഷംസീർ അത്താഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന വേദിയിൽ സംബന്ധിക്കും. അത്തച്ചമയ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇത്തവണ 57 കലാരൂപങ്ങളാണ് ഘോഷയാത്രയിൽ അണിനിരക്കുക.
ക്രമസമാധാനപാലനം ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ പൂർത്തിയാക്കി എന്നും അവർ പറഞ്ഞു. വൈവിധ്യങ്ങളായ കലാരൂപങ്ങൾ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ആശുപത്രി ജങ്ഷൻ, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്റ്റാന്‍ഡ്, എസ്എൻ ജങ്ഷൻ വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം, വീണ്ടും സ്റ്റാച്യു വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിക്കും. വൈകിട്ട് അഞ്ച് മണിക്ക് ലായം കൂത്തമ്പലത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന കലാമേള, ഓണം കലാസന്ധ്യ എന്നിവയ്‌ക്ക് തുടക്കമാകും.
മാവേലിയുടെയും വാമനന്‍റെയും വേഷം കെട്ടുന്ന കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ ഉള്‍പ്പെടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരിക്കും അത്തം ഘോഷയാത്ര. ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങളും അത്തം ഘോഷയാത്രയുടെ തിളക്കം കൂട്ടാന്‍ ഉണ്ടായിരിക്കും. മതസൗഹാർദത്തിന്‍റെ പ്രതീകമായി കരിഞ്ഞാച്ചിറ കത്തനാരുടെയും നെട്ടൂർ തങ്ങളുടെയും ചെമ്പൻ അരയന്‍റെ പിൻഗാമികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേരും.
രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്.
രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭ അധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അത്താഘോഷം നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്.
നിരീക്ഷണ കാമറകൾ, സുരക്ഷയ്ക്കായി 500ഓളം പൊലീസ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിരക്ഷ നിലയത്തിന്‍റെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ, അത്തച്ചമയം വളന്‍റിയർമാരുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം തുടങ്ങിയവ പ്രധാന ജങ്‌ഷനുകളിൽ ഏർപ്പെടുത്തും.ഉദ്ഘാടന സമ്മേളനത്തിലും ഘോഷയാത്ര കാണാനും ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്താഘോഷ പരിപാടികൾ പ്രൗഢഗംഭീരവും വർണാഭവും, ജാതി, മത, രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം വിളംബരം ചെയ്യുന്നതായി മാറും.
വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 6) തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.