എറണാകുളം: തൃപ്പൂണിത്തുറ രാജനഗരിയിൽ അത്ത പതാക ഉയർന്നു. സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. നിയമസഭ സ്‌പീക്കർ എഎൻ ഷംസീറാണ് വർണാഭമായ അത്തച്ചമയ ഘോഷയാത്ര ഔപചാരികമായി ഉദ്ഘാടനം ചെയ്‌തത്. ഫ്രാൻസിസ് ജോർജ് എംപി അത്ത പതാക ഉയർത്തി. ജന പ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവര്‍ ഉദ്ഘാടന വേദിയിൽ സംബന്ധിച്ചു.
മഴ വില്ലനാകുമോയെന്ന ആശങ്കങ്ങളൊഴിഞ്ഞാണ് പ്രൗഢ ഗംഭീരമായ അത്തം ഘോഷയാത്രയ്‌ക്ക് തുടക്കമായത്. ഇത്തവണ 57 കലാരൂപങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്. വൈവിധ്യങ്ങളാൽ സമ്പന്നമായ വർണാഭമായ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ആശുപത്രി ജങ്ഷൻ, സ്‌റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്‌റ്റാന്‍ഡ്, എസ്എൻ ജങ്ഷൻ വടക്കേക്കോട്ട, പൂർണ്ണത്രയീശ ക്ഷേത്രം, വീണ്ടും സ്‌റ്റാച്യൂ വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിക്കും.
മാവേലിയുടെയും വാമനന്‍റെയും വേഷം കെട്ടുന്ന കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരിക്കും അത്തം ഘോഷയാത്ര. മതസൗഹാർദത്തിന്‍റെ പ്രതീകമായി കരിഞ്ഞാച്ചിറ കത്തനാരുടെയും നെട്ടൂർ തങ്ങളുടെയും ചെമ്പൻ അരയന്‍റെ പിൻഗാമികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേരും.
രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്.
രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽ പാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭ അധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. ഗ്രീൻ പ്രോട്ടോക്കോള്‍ പ്രകാരമാണ് അത്താഘോഷം നടത്തുന്നത്. പ്ലാസ്‌റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിരീക്ഷണ കാമറകൾ, സുരക്ഷയ്ക്കായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിരക്ഷ നിലയത്തിന്‍റെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ, അത്തച്ചമയം വോളന്‍റിയർമാരുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം തുടങ്ങിയവ പ്രധാന ജങ്‌ഷനുകളിൽ ഏർപ്പെടുത്തും. ഉദ്ഘാടന സമ്മേളനത്തിലും ഘോഷയാത്ര കാണാനും ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്താഘോഷ പരിപാടികൾ പ്രൗഢഗംഭീരവും വർണാഭവും ജാതി, മത, രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം വിളംബരം ചെയ്യുന്നതായി മാറും.
ഇന്ന് (സെപ്‌റ്റംബർ 6) തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Also Read: അതിജീവനത്തിന്‍റെ ഓണം പടിവാതില്‍ക്കല്‍; മലയാളിക്ക് അത്തം പിറന്നു