എറണാകുളം : കൊച്ചി സ്‌മാർട്ട് സിറ്റിയിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ അഥിതി തൊഴിലാളി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ വിമർശനവുമായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള. ആവശ്യമായ സുരക്ഷ മുൻ കരുതൽ സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചതായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ പറഞ്ഞു. സ്‌മാർട്ട് സിറ്റിയിൽ അപകടം സംഭവിച്ച നിർമാണത്തിലുള്ള കെട്ടിടം സന്ദർശിച്ച ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അവർ.
നിയമങ്ങളെല്ലാം സാധാരണക്കാർക്കാണെന്നും വൻകിടക്കാർക്കെല്ലാം നിയമത്തിൽ ഇളവുകളാണെന്നും രാധാമണി പിള്ള പറഞ്ഞു. മുൻസിപാലിറ്റി അനുമതി നൽകി നിർമിക്കുന്ന കെട്ടിടത്തിൽ അപകടം സംഭവിച്ച സാഹചര്യത്തിൽ ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കും. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
സ്‌മാർട്ട് സിറ്റിയിൽ നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ ഇന്ന് രാവിലെയാണ് അഥിതി തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. സ്‌മാർട്ട് സിറ്റിയിലെ ലുലു ഐടി ടവറിൻ്റെ രണ്ടാമത്തെ ടവറിൽ പെയിൻ്റിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച താത്‌കാലിക ഇരുമ്പ് സ്റ്റാൻഡ് തകർന്നാണ് അഥിതി തൊഴിലാളികൾ അപകടത്തിൽപെട്ടത്.
മരിച്ച ഉത്തം ഒഴികെയുള്ള അഞ്ചു പേരെയും ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇരുമ്പ് സ്റ്റാൻഡിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഉത്തമിനെ ഫയർഫോഴ്‌സ് എത്തി സ്റ്റാൻഡ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാളെ ഡിസ്‌ചാർജ് ചെയ്‌തു.
രണ്ടു പേരെ അടിയന്തര ശസ്ത്രക്രിയക്ക് ചികിത്സയ്ക്ക് വിധേയമാക്കി. മറ്റു രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. തലയ്ക്കും കാലിനുമാണ് എല്ലാവർക്കും പരിക്കേറ്റത്. അതേ സമയം ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്. അപകടം സംഭവിച്ച സ്ഥലം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
ALSO READ: കൊച്ചി സ്‌മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം, ഒരു തൊഴിലാളി മരിച്ചു