കാസര്‍കോട് : ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മറുനാടൻ തിളക്കവുമുണ്ട്. വെറും തിളക്കമല്ല, വജ്ര തിളക്കം തന്നെ. ബേക്കലിൽ താമസിക്കുന്ന മധ്യപ്രദേശ് ദമ്പതികളുടെ മൂന്ന് മക്കളും എസ്എസ്എല്‍സി പരീക്ഷയില്‍ കരസ്ഥമാക്കിയത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. കാസര്‍കോട് കളനാട് ഇടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി ജിതേന്ദറിന്‍റെയും വീട്ടമ്മയായ സുരക്ഷയുടെയും അഞ്ച് മക്കളില്‍ മൂന്നു പേരാണ് ഇത്തവണ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയത്.
ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നട മീഡിയം വിദ്യാര്‍ഥിനികളായ കാജലും പൂജയും നിഷയും പരിമിതികള്‍ക്കുള്ളിലാണ് മികച്ച വിജയം നേടിയത്. 15 വര്‍ഷം മുന്‍പാണ് ജിതേന്ദര്‍ മധ്യപ്രദേശിലെ കൈലാറസില്‍ നിന്ന് ജോലി തേടി കാസര്‍കോട്ടെത്തിയത്. ആദ്യമൊക്ക കൂലി പണി ചെയ്‌താണ് കുടുംബം പോറ്റിയത്.
എന്നാൽ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു പിശുക്കും കാണിച്ചില്ല. പഠിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി. എന്നാൽ ഹിന്ദി മാത്രം അറിയുന്ന മാതാപിതാക്കള്‍ക്ക് പഠനത്തില്‍ ഇവരെ സഹായിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വീട്ടിലെത്തിയാല്‍ പഠന സമയത്ത് ഉണ്ടാകുന്ന സംശയങ്ങള്‍ മൂവരും ചേര്‍ന്നു പരിഹരിക്കുകയാണ് ചെയ്‌തിരുന്നത്.
എസ്എസ് എൽസി പരീക്ഷ അടുത്തതോടെ പുലർച്ചെ മുതൽ ചിട്ടയായ പഠനം. ഒപ്പം അധ്യാപകരുടെ സഹായവും കൂടി ലഭിച്ചത് കൊണ്ടാണ് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കാജലിന് ഡോക്‌ടറും പൂജയ്ക്ക് അധ്യാപികയും നിഷയ്ക്ക് പൊലിസ് ഓഫിസറും ആകാനാണ് താത്‌പര്യം. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര മേഖലകളിലും കഴിവ് തെളിയിച്ച ഇവര്‍ അധ്യാപകരുടെ പ്രിയ വിദ്യാര്‍ഥിനികളാണ്.
സ്‌കൂളിലോ മറ്റിടങ്ങളിലോ ഇതര സംസ്ഥാനക്കാരാണെന്ന വേര്‍തിരിവില്ലെന്നും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും തങ്ങളോടു വലിയ സ്‌നേഹമാണെന്നും ഇവര്‍ പറയുന്നു. കാജലും പൂജയും മധ്യപ്രദേശിൽ ആണ് ഉള്ളത്. അടുത്ത ആഴ്‌ച നാട്ടിൽ എത്തും. പ്ലസ് ടു പഠനം കൂടി പൂർത്തിയാക്കി മധ്യപ്രദേശിലേക്ക് മടങ്ങുമെന്ന് ഇവർ പറയുന്നു.