കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. നെല്ലിക്കാട്ട് സ്വദേശി അനിൽകുമാർ, പറക്കാളി സ്വദേശി ഗഫൂർ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്‌റ്റിലായത്. കേസിലെ മുഖ്യപ്രതി രതീശന്‍റെ സുഹൃത്തുക്കൾ ആണ് മൂന്ന് പേരും.
രതീശൻ സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഇവരാണ് പണയം വച്ചതെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്‌ത ശേഷമാണ് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. രതീശന്‍റെ റിയൽ എസ്‌റ്റേറ്റ് സംഘത്തില്‍ പെട്ടവരാണ് അറസ്‌റ്റിലായവർ. ഇവരുടെ അകൗണ്ടിലേക്കും പണം മാറ്റിയിരുന്നു. തട്ടിപ്പ് തുകയിൽ 44 ലക്ഷം രൂപ മാറ്റിയത് ബഷീറിന്‍റെ അക്കൗണ്ടിലേക്കാണ്. ബേക്കൽ ജംങ്ഷനിൽ ജീലാനി ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ബഷീർ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമാണ്.
രതീശൻ ഏറ്റവും ഒടുവിൽ സംഘത്തിൽ നിന്ന് എടുത്ത് മാറ്റിയ 1.12 കോടി രൂപയുടെ പണയ സ്വർണം വിവിധ ബാങ്കുകളിൽ പണയം വെക്കാൻ സഹായിച്ചവരാണ് മറ്റ് രണ്ടു പേർ. അതേസമയം മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ കെ രതീശനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാള്‍ കർണാടകയിലെ ശിവമൊഗ്ഗയിൽ ഉണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം അങ്ങോട്ട് പോയിരിക്കുകയാണ്. കേസ് നാളെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
കഴിഞ്ഞ ദിവസമാണ് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വൻ തട്ടിപ്പ് പുറത്ത് വന്നത്. അംഗങ്ങൾ അറിയാതെ സ്വർണ പണയ വായ്‌പ എടുത്ത് 4.76 കോടിയുമായി സെക്രട്ടറി മുങ്ങുകയായിരുന്നു. സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി.
സംഭവത്തില്‍, സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡ് ചെയ്‌തു.