പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ആകെയുള്ള സ്വത്തായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഇരുപതിനായിരത്തോളം പുസ്‌തകങ്ങളാണ്. അത് സൂക്ഷിച്ചിരിക്കുന്നതാകട്ടെ അദ്ദേഹം താമസിക്കുന്ന അനിയന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണ്. പുസ്‌തകങ്ങള്‍ക്ക് 9.60 ലക്ഷം രൂപയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.
നാല് തവണ എംഎല്‍എയും രണ്ട് തവണ ധന മന്ത്രിയുമായ വ്യക്തിയാണ് ഡോ. തോമസ് ഐസക്. ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ്. തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കില്‍ ആറായിരം രൂപയും പെന്‍ഷനേഴ്‌സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടില്‍ 39,000 രൂപയും കെഎസ്എഫ്ഇയുടെ സ്‌റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും ഇതേ ബ്രാഞ്ചില്‍ സ്ഥിര നിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്‍റെ നിക്ഷേപം.
കെഎസ്എഫ്ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇത് വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ 10,000 രൂപയുടെ ഓഹരിയുമുണ്ട് തോമസ് ഐസക്കിന്.
തെരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്
തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നും വരണാധികാരി താക്കീത് ചെയ്‌തു. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് വരണാധികാരി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എന്നാരോപിച്ചാണ് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കുടുംബശ്രീ വഴി വായ്‌പ വാദ്ഗാനം, കെ ഡിസ്‌ക് വഴി തൊഴില്‍ ദാന പദ്ധതി എന്നിവയ്‌ക്കെതിരെയാണ് യു ഡി എഫ് പരാതി നല്‍കിയിരുന്നത്.
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കുകയും വനിതാ വികസന കോർപ്പറേഷന്‍റെ വായ്‌പ നല്‍കുമെന്ന് സ്ഥാനാർഥി വാഗ്‌ദാനം ചെയ്‌തതായും പരാതിയില്‍ ആരോപിക്കുന്നു.
Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ - Fine On Thermocol Using