തിരുവനന്തപുരം : കിഫ്ബി മാസാലബോണ്ട് കേസില്‍ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല (Thomas Isaac ED Case). ഇത് നാലാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കുന്നത്. ഇഡിയുടെ പുതിയ സമൻസിനെ കോടതിയിൽ നേരിടുമെന്നും, കഴിഞ്ഞ സമ്മൻസിലും കോടതിയെ സമീപിച്ചിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
നിയമലംഘനം നടത്തിയാൽ ഇഡിക്ക് അന്വേഷണം നടത്താമെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. മസാല ബോണ്ടിൽ ആർബിഐ തന്നെ റിപ്പോർട്ട് നൽകിയതാണ്. കിഫ്‌ബിയുമായി ബന്ധം അവസാനിപ്പിച്ചിട്ട് രണ്ട് വർഷമായി. കോടതി പറഞ്ഞാൽ അനുസരിക്കുമെന്നും നിയമലംഘനമുണ്ടെങ്കിൽ അന്വേഷിക്കാമെന്നാണ് കോടതി പറഞ്ഞതെന്നും തോമസ് ഐസക് വിശദീകരിച്ചു. ഫെമ നിയമത്തിന്‍റെ 37-ാം വകുപ്പ് പ്രകാരമാണ് ഇപ്പോൾ ഇഡി കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ നേരെയുണ്ടാകുന്നത് രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലാണ്. അതിന് യാതൊരു അടിത്തറയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവീസിന് പണം ലഭിച്ചോയെന്ന് കമ്പനിയാണ് പറയേണ്ടത്. സംസ്ഥാനത്തിന്‍റെ തനത് വരുമാനം റെക്കോർഡ് നിലയിൽ വർദ്ധിച്ചിട്ടും സംസ്ഥാനത്തിന് പണമില്ലാത്തതിന്‍റെ കാരണം വ്യക്തമാണ്. കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരം ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.