കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് കേരള കോൺഗ്രസ് എം. എല്‍ഡിഎഫില്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ സിറ്റിങ് സീറ്റായ കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനായിരിക്കും മത്സരിക്കുക (kerala congress m announces Thomas chazhikadan in lok sabha election).
പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
കോട്ടയത്ത് ചേർന്ന സ്‌റ്റീയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്ഥാനാർത്ഥി പട്ടികയിൽ വേറൊരു പേരും പാർട്ടിയിൽ ഉയർന്നു വന്നില്ലായെന്നും ജോസ് കെ മാണി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് കേരളാ കോണ്‍ഗ്രസാണ്.
1991-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരനായ ബാബു ചാഴികാടന്‍റെ വിയോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തിലേക്കുളള രംഗപ്രവേശനം. 1991-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ഏറ്റുമാനൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1996,2001, 2006 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഏറ്റുമാനൂരിൽ നിന്ന് തുടർച്ചയായി നിയമസഭ അംഗമായി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെടുകയായിരുന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ, ഹൈ-പവർ കമ്മറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.