കോട്ടയം : തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് നിന്നും തോണിയാത്ര തിരിച്ചു. മങ്ങാട്ട് ഇല്ലത്ത് എം എൻ അനൂപ് നാരായണ ഭട്ടതിരിയാണ് തിരുവോണ വിഭവങ്ങളുമായി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെട്ടത്. പാരമ്പര്യമായി പകർന്നുകിട്ടിയതാണ് മങ്ങാട്ടില്ലക്കാർക്ക് ഈ തോണി യാത്ര. മൂന്ന് പ്രധാന നദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര.
കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക. ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്‌ണു ക്ഷേത്രക്കടവിൽ നിന്ന് തിരുവാറൻമുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങൾ അകമ്പടിയാകും.
തിരുവോണനാളായ 15ന് പുലർച്ചെ ആറന്മുളക്കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുൻപിൽ സമർപ്പിക്കും. പാരമ്പര്യ വഴിയിൽ ഇത്തവണ തോണി യാത്ര നടത്തുന്നത് മങ്ങാട്ടില്ലത്തെ ഇളം തലമുറയാണ്.
നാല് വർഷമായി തോണി യാത്ര നടത്തി വന്ന രവീന്ദ്ര ബാബു ഭട്ടതിരിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാലാണ് ഇളം തലമുറയിലെ അനൂപ് നാരായണ ഭട്ടതിരി തോണിയാത്ര നടത്തുന്നത്. കഴിഞ്ഞ തവണ അച്ഛന്‍റെ അനിയന് ആരോഗ്യപ്രശ്‌നമുണ്ടായതിനാൽ പാതി യാത്രാവഴിയിൽ ചേർന്ന അനുഭവസമ്പത്തും അനൂപ് നാരായണനുണ്ട്. ചിക്കാഗോയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അനൂപ് നാരായണ ഭട്ടതിരി.
അനൂപ് ഭട്ടതിരിയുടെ പിതാവ് നാരായണ ഭട്ടതിരിയാണ് രണ്ട് പതിറ്റാണ്ടായി തോണി യാത്ര നടത്തിയിരുന്നത്. അദ്ദേഹത്തിൻ്റെ കാലശേഷം അനുജൻ രവീന്ദ്ര ബാബു ഭട്ടതിരി തോണി യാത്ര തുടങ്ങി. ഇപ്പോള്‍ യാത്ര അനൂപ് നാരായണ ഭട്ടതിരി ഏറ്റെടുത്തിരിക്കുന്നു.
കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ് ഈ അവകാശം. കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണ നാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ട് നടത്തിയിരുന്നു.
ഒരുവർഷം ആരും എത്തിയിരുന്നില്ല. സങ്കടംകൊണ്ട് തിരുവാന്മുളയപ്പനെ ഭജിച്ച് അല്‍പ്പം കഴിഞ്ഞപ്പോൾ ഒരു ബ്രാഹ്മണൻ ഇല്ലത്തെത്തി. ബ്രാഹ്മണന് കാൽകഴുകിച്ചൂട്ട് നടത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിനുശേഷം കുമാരനല്ലൂരിലേക്ക് മങ്ങാട്ടില്ലക്കാർ പോന്നു. പിന്നീട് വർഷം തോറും ഓണവിഭവങ്ങളുമായി കാരണവർ തോണിയിൽ ആറൻമുളയ്ക്ക് യാത്ര ആരംഭിച്ചു. കുമാരനല്ലൂരിലെ മങ്ങാട്ട് കടവിൽ നിന്നും നാട്ടുകാർ ഭട്ടതിരിക്ക് യാത്രയയപ്പു നൽകി. ഇതാണ് ഈ തോണിയാത്രയ്‌ക്ക് പുറകിലുളള ഐതീഹ്യം.
Also Read: ഓണവും കന്നിമാസ പൂജയും; ശബരിമല നട വെള്ളിയാഴ്‌ച തുറക്കും