കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചുമതലയൊന്നും നൽകിയില്ലെന്നുള്ള വിമർശനത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ചാണ്ടി ഉമ്മൻ്റെ മനസിന് വിഷമമുണ്ടായി എന്നുണ്ടെങ്കിൽ അത് പരിഹരിച്ച് തന്നെ മുന്നോട്ട് പോകുന്നതായിരിക്കും. അതൃപ്‌തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമായി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. തനിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
മാന്യമായ പെരുമാറ്റരീതി വേണം
എംകെ രാഘവൻ്റെ വിഷയത്തിലും തിരുവഞ്ചൂർ പ്രതികരിച്ചു. രാഘവനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള കാര്യമാണിത്. പൊതുജീവിതത്തിൽ നിൽക്കുന്ന ആളിൻ്റെ മനസിലുണ്ടാകുന്ന വിഷമമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. താനത് വിശദമായി പരിശോധിച്ചിട്ടില്ല. സ്വാഭാവികമായിട്ടും രാഘവനെ അപമാനിക്കാൻ വേണ്ടി ചെയ്‌ത കാര്യം തന്നെയാണ്. പരസ്‌പരം അങ്ങോട്ടുമിങ്ങോട്ടും മാന്യമായും സംസ്‌കാര സമ്പന്നമായുള്ള ഒരു പെരുമാറ്റ രീതി വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതിൻ്റെ ലംഘനം ഒരിക്കലും ഉണ്ടാകരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോൺഗ്രസ് നിയന്ത്രിത ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളജിൽ എംകെ രാഘവൻ്റെ ബന്ധുവായ സിപിഎം പ്രവർത്തകന് പ്യൂൺ നിയമനം നൽകാൻ നീക്കം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ മാടായിയിൽ എംകെ രാഘവൻ്റെ കോലം കത്തിച്ചിരുന്നു. തൻ്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണെന്ന് രാഘവൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസുകാർ തന്നെയാണിത് ചെയ്‌തതെന്നും സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തൻ്റെ കൈകൾ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവൻ പറഞ്ഞു. ഇതിനോടാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പ്രതികരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാദങ്ങളല്ല പരിഹാരം
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി പുനഃസംഘടന രൂപീകരിക്കുന്നുവെന്ന വിഷയത്തിലും തിരുവഞ്ചൂർ പ്രതികരിച്ചു. വിവാദങ്ങൾ ഉണ്ടാക്കിയല്ല പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കേണ്ടത്. എന്തിനാണ് നമ്മൾ പുനഃസംഘടനയ്‌ക്ക് പോകുന്നുവെന്ന് പറയുന്നത്? അത് വിവാദത്തിനു വേണ്ടിയും ചേരി തിരിവിനു വേണ്ടിയും അല്ല. സംഘടനയിന്ന് ഏറെക്കുറെ മെച്ചപ്പെട്ട നിലയിൽ പോകുകയാണ്. തെരഞ്ഞെടുപ്പുകളിലെല്ലാം നല്ല നിലയിൽ പോകുകയാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
സിപിഎം പത്ത് കൊല്ലത്തോളം അധികാരത്തിലിരുന്നിട്ടും അവർക്ക് ആ നിലയിലും ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർട്ടിയെ വിഭജിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അത് വരാതിരിക്കുന്നതിനായി നമ്മൾ കരുതലോടെയിരിക്കണം. അതുകൊണ്ട് ഈ കാര്യങ്ങൾ ഒരു ഇൻ ക്യാമറയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെ പൊതു സംവാദത്തിലേക്ക് പോകുന്നത് നല്ലതല്ലെന്ന് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.