കോട്ടയം: പാർട്ടി ഭാരവാഹികളെ അപരൻമാരായി കളത്തിലിറക്കിയത് സിപിഎമ്മിൻ്റെ വികൃത രാഷ്ട്രീയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎൽഎ. കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ലോക്‌സഭ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സിപിഎം ഭാരവാഹിയാണ് അപരൻ. ഇത് പാർട്ടിയുടെ അറിവോടെ ആണോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ ചോദിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടൻ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന്‍റെ അറിവോട് കൂടിയാണ് അപരൻ മത്സരിക്കുന്നതെങ്കിൽ അദ്ദേഹം റിബൽ സ്ഥാനാർത്ഥിയാണ്. അല്ലെങ്കിൽ അപരനായ ഫ്രാൻസിസ് ജോർജിനെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണം.
പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്‍റെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാർട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നുള്ളത് കൊണ്ടാണ് ഇടത് മുന്നണി ഇത്തരത്തിൽ വെപ്രാളം കാണിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.