കോട്ടയം: ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ജയിൽ മാനുവലിന് വിരുദ്ധമായ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസ് പ്രതികൾ ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ പുറത്തായിരുന്നുവെന്ന് കോടതി പോലും പറഞ്ഞു. ഇത്ര നിഷ്‌ഠൂരമായ ക്രൂരകൃത്യം ചെയ്‌തവർക്ക് എങ്ങനെയാണ് പരോൾ കൊടുക്കാൻ സാധിക്കുക. ഡിജിപിയാണ് പുതിയ തീരുമാനത്തിന് വേണ്ടി ഇടപെട്ടിട്ടുള്ളത് എന്നാണ് മനസിലാക്കുന്നത്. അതിന് എന്ത് അധികാരമാണ് അദ്ദേഹത്തിന് ഉള്ളതെന്ന് ചോദിച്ച തിരുവഞ്ചൂർ ഇളവ് നിർദേശിക്കാൻ ജയിൽ ഡിജിപിക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികൾ. കൊടും കുറ്റകൃത്യങ്ങൾ ചെയ്‌തവർക്ക് ഇളവ് നൽകുക സാധ്യമല്ല. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമം. സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി പ്രതികളെ മോചിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
അതേസമയം സർക്കാർ നീക്കത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളെയും പ്രതിസന്ധിയിൽ ആക്കുന്ന നടപടിയാണ് ഇത്. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് ഇതാണ്. എന്തെങ്കിലും നന്മയുണ്ടെങ്കിൽ അതുകൂടി തിരുത്തും എന്നായിരിക്കും അവർ ഉദ്ദേശിച്ചത്. ഇങ്ങനെയാണ് തിരുത്തലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.