തിരുവനന്തപുരം: ഒരു തീപ്പെട്ടിക്കൊള്ളികൊണ്ട് കാട് തന്നെ നശിപ്പിക്കാമെന്ന് കേട്ടിട്ടില്ലേ, എന്നാല്‍ ചില അത്‌ഭുതങ്ങൾ സൃഷ്‌ടിക്കാനും കുഞ്ഞൻ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് കഴിയും. ഉരച്ചെറിയുന്ന തീപ്പെട്ടിക്കൊള്ളികൾ ചേർത്തുവച്ച് ലോകാത്‌ഭുതങ്ങൾ ഉൾപ്പടെ പല വിസ്‌മയ സൃഷ്‌ടികളുടെയും രൂപങ്ങൾ തീർത്തിരിക്കുകയാണ് തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് കല്ലമ്പള്ളി സ്വദേശി രാജേഷ് കുമാർ.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് സന്ധ്യയ്ക്ക് മുൻപ് ഓട്ടം അവസാനിപ്പിക്കും. പിന്നെ നേരെ തന്‍റെ കൊച്ചു വീട്ടിലേക്ക്. പിന്നീടുള്ള കാര്യങ്ങളാണ് കൗതുകം. പിന്നെ കലാകാരനാണ് രാജേഷ്. പുലർച്ചെ രണ്ടുമണിവരെയൊക്കെ ഇരുന്ന് രൂപകല്‍പ്പനയാണ്. താജ്‌മഹലും, ചാർമിനാറും, ഇന്ത്യാഗേറ്റും, ചരിഞ്ഞ പിസാ ഗോപുരവും ഒക്കെ തീപ്പെട്ടിക്കൊള്ളികളില്‍ ഒരുക്കും. ഒരു കലാകാരൻ ആകണമെന്നത് കുട്ടിക്കാലം മുതൽക്കേ ഉള്ള ആഗ്രഹമാണ് രാജേഷിന്. അങ്ങനെയാണ് അധികമാരും ചിന്തിക്കാത്ത ഒരു കലാമേഖലയിലേക്ക് ചേക്കേറാം എന്ന് കരുതിയത്.
ഉരച്ചെറിയുന്ന തീപ്പെട്ടിക്കൊള്ളികളിൽ ഉലകം തന്നെ സൃഷ്‌ടിച്ചെടുക്കാനുള്ള ആശയം ഉള്ളിലുദിച്ചു. ആദ്യം വഴിയരികുകളിൽ ആളുകൾ ഉരച്ചറിഞ്ഞ തീപ്പെട്ടി കൊള്ളികൾക്കായി അന്വേഷണം. ദൗത്യം പരാജയപ്പെട്ടതോടെ പുത്തൻ തീപ്പെട്ടികൾ വാങ്ങി കരിമരുന്ന് ഉരച്ചുകളഞ്ഞു. ചെറു വീടുകളും, കെട്ടുവള്ളങ്ങളും ആയിരുന്നു ആദ്യ സൃഷ്‌ടി. നിരവധി തവണ പരാജയം രുചിച്ചറിഞ്ഞാണ് ആദ്യ സൃഷ്‌ടി ഉരുത്തിരിഞ്ഞത്. സൃഷ്‌ടികൾ കാണാനിടയായ പ്രശസ്‌ത കലാകാരന്മാരായ വി ഡി ദത്തനും, കാനായി കുഞ്ഞിരാമനും പ്രോത്സാഹിപ്പിച്ചതോടെ താജ്‌മഹലും ചാർമിനാറും ഇന്ത്യാഗേറ്റും പിസാ ഗോപുരവും ഒക്കെ സൃഷ്‌ടിക്കപ്പെട്ടു.
തീപ്പെട്ടി കോലുകൾക്ക് പുറമെ ഈറയും മുളയും സൃഷ്‌ടിയെ ബലപ്പെടുത്താനായി ഉപയോഗിക്കാറുണ്ട്. ഫെവി കോൾ പശയും, ഒരു പേപ്പർ നൈഫുമാണ് പ്രധാന പണിയായുധം. ഓരോ രൂപങ്ങൾ ഉണ്ടാക്കുന്നതിനും മൂന്നുമാസവും നാലുമാസവും ഒക്കെ സമയമൊക്കെയാണ് എടുക്കാറ്. ജോലി സമയം കഴിഞ്ഞുള്ള സാഹചര്യങ്ങളിൽ മകളും ഭാര്യയും അടങ്ങുന്ന കുടുംബം രാജേഷിനെ സഹായിക്കും. ദേശീയ അന്തർദേശീയ തലങ്ങളിൽ രാജേഷിന്‍റെ കലാവിരുത് പ്രശസ്‌തമാണ്. ഈഫൽ ടവറിന്‍റെയും ബ്രിട്ടനിലെ കൊളോസിയത്തിന്‍റെയും നിർമ്മാണം പുരോഗമിക്കുകയുമാണ്.