തിരുവനന്തപുരം : എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന്‍റെ (എസിഐ) 2023 ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് (Thiruvananthapuram Airport Bags ACI Global Award). ബെംഗളൂരുവിലെ കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്, അബുദാബിയിലെ സായിദ് ഇന്‍റർനാഷണൽ എയർപോർട്ട് ടെർമിനൽ എ, എന്നിവയുമായാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അംഗീകാരം പങ്കിട്ടത്.
യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്‌ക്യു അവാർഡുകൾ. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഒരു വിമാനത്താവളത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനും യാത്രക്കാർക്ക് സംതൃപ്‌തി നൽകുന്നതിനുമുള്ള തിരുവനന്തപുരം എയർപോർട്ടിന്‍റെ വിജയകരമായ പരിശ്രമങ്ങളും അർപ്പണബോധവുമാണ് ഈ ആഗോള പുരസ്‌കാരം ലഭിക്കാൻ കാരണമെന്ന് അധികൃതര്‍ പ്രസ്‌താവനയിൽ അറിയിച്ചു.
"ഈ അഭിമാനകരമായ അവാർഡ് ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ നേട്ടങ്ങളില്‍ ഒരു തൂവൽ കൂടി ചേർക്കുന്നു, ഇത് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര അനുഭവം സൃഷ്‌ടിക്കുന്നതിനുള്ള വിമാനത്താവളത്തിന്‍റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു - ഈ നേട്ടത്തെ കുറിച്ച് TIAL വക്താവ് പറഞ്ഞു.
എസിഐ പറയുന്നതനുസരിച്ച്, വ്യോമയാന വ്യവസായത്തിലെ മറ്റ് പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്‌തമായി, എയർപോർട്ടിലെ യാത്രക്കാർക്കിടയില്‍ നേരിട്ട് നടത്തുന്ന സർവേകളിലൂടെയുള്ള തത്സമയ ഗവേഷണത്തിലാണ് എഎസ്‌ക്യുവിന്‍റെ സമീപനം നങ്കൂരമിട്ടിരിക്കുന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു.