തിരുവനന്തപുരം: നഗരസഭാ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടി മേയർ തല്ലിയെന്ന് പരാതി. തിരുവനന്തപുരം നഗരസഭ തിരുവല്ലം സോണൽ ഓഫീസ് സൂപ്രണ്ട് അൻവർ ഹുസൈനാണ് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജുവിൽ നിന്നും മർദ്ദനമേറ്റതായി തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് (Complaint Against Thiruvananthapuram Deputy Mayor).
വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയൽ ആവശ്യപ്പെട്ട് നഗരസഭ തിരുവല്ലം സോണൽ ഓഫീസിൽ ഇന്ന് രാവിലെയെത്തിയ ഡെപ്യൂട്ടി മേയർ തന്നെ അകാരണമായി മർദ്ധിക്കുകയായിരുന്നുവെന്ന് തിരുവല്ലം സോണൽ ഓഫീസ് സൂപ്രണ്ട് അൻവർ ഹുസൈൻ ഇടിവി ഭാരതിനോട് പറഞ്ഞു.
സെക്ഷൻ ക്ലാർക്കിന്‍റെ കൈവശമുള്ള ഫയൽ അന്വേഷിച്ച് തന്‍റെയടുക്കൽ വരികയും തെറ്റിദ്ധാരണയുടെ പുറത്ത് തന്നെ മർദ്ധിക്കുകയുമായിരുന്നുവെന്ന് അൻവർ ഹുസൈൻ ആരോപിക്കുന്നു. അതേ സമയം താൻ ആരെയും മർദിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ പി കെ രാജുവിന്‍റെ പക്ഷം. മുൻപ് വെള്ളാർ വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ നഗരസഭയിലെ എൽഡിഎഫ് പാർലിമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനിൽ അകാരണമായി ശകാരിച്ചുവെന്ന പരാതിപ്പെട്ടതും അൻവർ ഹുസൈനായിരുന്നു.
വെള്ളാർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ മരണപ്പെട്ടവരുടെയടക്കം പേര് ചേർക്കാത്തതിനാലാണ് സിപിഎം നേതാവ് ശകാരിച്ചതെന്നായിരുന്നു അൻവറിന്‍റെ ആരോപണം. ഇതിന്‍റെ മുൻ വൈരാഗ്യം മനസിലുണ്ടായതിനാൽ ഡെപ്യൂട്ടി മേയർ ഇന്ന് തന്നെ തല്ലിയെന്നാണ് അൻവർ ഹുസൈൻ പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.