തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ ഇട റോഡുകളില്‍ സുഗമമായ യാത്ര സൗകര്യമൊരുക്കി യാത്രക്കാരുടെ മനം കവര്‍ന്ന കെഎസ്ആര്‍ടിസി ഇലക്ട്രിക് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ സമയമാറ്റത്തിനൊരുങ്ങുന്നു. തിരക്കില്ലാത്ത സമയങ്ങളിലെ സിറ്റി സര്‍ക്കുലര്‍ ഇ ബസിന്‍റെ സര്‍വീസുകള്‍ ഒഴിവാക്കാനാണ് കെഎസ്ആര്‍ടിസി ആലോചന. തിരക്ക് തീര്‍ത്തും കുറവായ ഉച്ച സമയത്തുള്‍പ്പെടെയുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം.
സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഡിപ്പോകളില്‍ നിന്നും വരുമാനം കുറഞ്ഞ സമയവും സര്‍വീസുകളുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തി ഡിപ്പോകള്‍ കെഎസ്ആര്‍ടിസി ജില്ല ഓപ്പറേഷന്‍സ് ഓഫീസിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാഭമുള്ള സമയങ്ങളിലെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം.
ഇലക്ട്രിക് ബസുകളുടെ വരവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തന്നെ ഉള്‍പ്പെട്ട വാദപ്രതിവാദങ്ങളും വിവാദങ്ങളും വലിയ ചര്‍ച്ചയാകുന്നതിനിടെ മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഇടപെടലിലാണ് പുതിയ സമയക്രമം. കുറഞ്ഞ വരുമാനമുള്ള റൂട്ടുകളും സമയവും പരിശോധിച്ച് അതിനനുസരിച്ച് സര്‍വീസ് നടത്തുന്ന ഇ ബസുകളെ പിന്‍വലിക്കും. ഇ ബസുകളില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.
132 ഇ ബസുകളാണ് നിലവില്‍ തിരുവനന്തപുരം നഗര പരിധിയില്‍ സര്‍വീസ് നടത്തുന്നത്. ജനങ്ങളില്‍ നിന്നും അഭിപ്രായ സര്‍വ്വേ നടത്തി ജര്‍മ്മന്‍ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ബസുകളുടെ റൂട്ടുകള്‍ നിശ്ചയിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്.
വരുമാനം വര്‍ധിപ്പിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് നീക്കം. ബസിന്‍റെ തത്സമയ ട്രാക്കിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ചലോ മൊബൈല്‍ ആപ്പും ഇതു വരെ സജ്ജമാക്കിയിട്ടില്ല. പദ്ധതിക്ക് പ്രതീക്ഷിച്ചതിലപ്പുറം സ്വീകാര്യത ലഭിച്ചതിനാല്‍ പരമാവധി ലാഭമുണ്ടാക്കാമെന്നാണ് കണക്കു കൂട്ടല്‍. മിനിമം ചാര്‍ജ്ജ് 5 രൂപയാക്കി കുറയ്ക്കാനുള്ള ആലോചനകളും ഉണ്ടായിരുന്നെങ്കിലും നിലവില്‍ പരിഗണനയിലില്ലെന്നാണ് ലഭിക്കുന്ന വിവരം.
15 മിനിട്ട് ഇടവിട്ട് ഇടറോഡുകളിലൂടെ കടന്നു വരുന്ന സിറ്റി സര്‍ക്കുലര്‍: നിലവില്‍ 15 മിനിറ്റ് കൂടുമ്പോഴാണ് നിശ്ചിത റൂട്ടുകളില്‍ സിറ്റി സര്‍ക്കുലര്‍ ഇ ബസിന്‍റെ സര്‍വീസ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. നഗരഹൃദയത്തില്‍ കൂടുതല്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കിഴക്കേകോട്ട, പാളയം, സ്‌റ്റാച്യു, ബേക്കറി ജങ്‌ഷന്‍, തമ്പാനൂര്‍, പി എം ജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ രാവിലെയും വൈകിട്ടുമാണ് വന്‍ തിരക്ക്. ഉച്ചയ്ക്കും രാത്രിയും മറ്റ് കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്താത്ത മേഖലകളിലാണ് ആവശ്യക്കാര്‍ ഏറെ.
ഇതു പൂര്‍ണമായി പഠിച്ചാകും സമയം തീരുമാനിക്കുക. സമയം മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കുക കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍സ് വിഭാഗമാകും. ഈ മാസം തന്നെ അന്തിമ രൂപം നല്‍കി ബാക്കി നടപടികള്‍ ആരംഭിക്കുമെന്ന് ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥ ഇ ടിവി ഭാരതിനോട് പറഞ്ഞു.
നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്‍റെ റൂട്ടുകള്‍
1. തമ്പാനൂര്‍ - അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചെന്തിട്ട - പി ആര്‍ എസ് ആശുപത്രി - കരമന - കുഞ്ചാലമൂട് - പൂജപ്പുര - ചെങ്ങല്ലൂര്‍ എച്ച് എല്‍ എല്‍ - വിജയമോഹിനി മില്‍ - തിരുമല - അരയല്ലൂര്‍ - വലിയവിള - ഇലിപ്പോട് - വേട്ടമുക്ക് - പി ടി പി നഗര്‍ - ഫോറസ്റ്റ് ഓഫീസ് - മരുതന്‍കുഴി - ശ്രീരാമകൃഷ്‌ണ ആശുപത്രി - അളകാപുരി കണ്‍വെന്‍ഷന്‍ സെന്‍റര്‍ - ഇടപ്പഴിഞ്ഞി - ജഗതി - അനന്തപുരി ഓഡിറ്റോറിയം - കണ്ണേറ്റുമുക്ക് - ശാന്തികവാടം - ചെന്തിട്ട - തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍.
2. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ - ഓവര്‍ബ്രിഡ്‌ജ് - ആയുര്‍വേദ കോളജ് - സ്‌റ്റാച്യു - കന്‍റോണ്‍മെന്‍റ് ഗേറ്റ് - പ്രസ് ക്ലബ് - ബേക്കറി ജങ്‌ഷന്‍ - വഴുതക്കാട് വിമണ്‍സ് കോളജ് - ജഗതി - ഇടപ്പഴിഞ്ഞി ചന്ത - ശാസ്‌തമംഗലം - കനകക്കുന്ന് - നഗരസഭ മെയിന്‍ ഓഫീസ് - പി എം ജി - നിയമസഭ - പാളയം - യുണിവേഴ്‌സിറ്റി കോളജ് - ജനറല്‍ ആശുപത്രി - കണ്ണാശുപത്രി - പാറ്റൂര്‍ - വഞ്ചിയൂര്‍ കോടതി - ഉപ്പിടാംമൂട് പാലം - ചെട്ടിക്കുളങ്ങര - തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍.
3. മെഡിക്കല്‍ കോളജ് ആശുപത്രി - കുമാരപുരം - ബര്‍മ്മ റോഡ് - കണ്ണമ്മൂല - പേട്ട, പള്ളിമുക്ക് - ഉപ്പിടാംമൂട് പാലം - ഫോര്‍ട്ട് ആശുപത്രി - പടിഞ്ഞാറെ നട - വാഴപ്പള്ളി - കെ എസ് ആര്‍ ടി സി ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ - ഓവര്‍ബ്രിഡ്‌ജ് - ആയുര്‍വേദ കോളജ് - സ്‌റ്റാച്യു - പാളയം - എല്‍ എം എസ് ജങ്ഷന്‍ - പി എം ജി - ലോ കോളജ് ജങ്ഷന്‍ - തേക്കുമൂട് - പൊട്ടക്കുഴി - മുറിഞ്ഞപാലം - മെഡിക്കല്‍ കോളജ് ആശുപത്രി.
4. മെഡിക്കല്‍ കോളജ് ആശുപത്രി - കുമാരപുരം - ബര്‍മ്മ റോഡ് -കണ്ണമ്മൂല - പേട്ട, പള്ളിമുക്ക് - ഉപ്പിടാംമൂട് പാലം - ഫോര്‍ട്ട് ആശുപത്രി - പടിഞ്ഞാറെ നട - വാഴപ്പള്ളി - കെ എസ് ആര്‍ ടി സി ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ - ഓവര്‍ബ്രിഡ്‌ജ് - ആയുര്‍വേദ കോളജ് - സ്‌റ്റാച്യു - പാളയം - എല്‍ എം എസ് ജങ്ഷന്‍ - പി എം ജി - ലോ കോളജ് ജങ്ഷന്‍ - വരമ്പാശ്ശേരി - വടയക്കാട് - മുളവന - ഗൗരീശപട്ടം - പൊട്ടക്കുഴി - മുറിഞ്ഞപാലം - മെഡിക്കല്‍ കോളജ്.
5. പേരൂര്‍ക്കട ഡിപ്പോ - അമ്പലമുക്ക് - വയലിക്കട - മുട്ടട - പരുത്തിപ്പാറ - കേശവദാസപുരം - ഉള്ളൂര്‍ - മെഡിക്കല്‍ കോളജ് - മുറിഞ്ഞപാലം - പൊട്ടക്കുഴി - പട്ടം - പ്ലാമൂട് - എല്‍ എം എസ് - മ്യൂസിയം - നന്ദന്‍കോട് - ദേവസ്വം ബോര്‍ഡ് ജങ്ഷന്‍ - കവടിയാര്‍ - അമ്പലമുക്ക് - പേരൂര്‍ക്കട ഡിപ്പോ.
6. പേരൂര്‍ക്കട ഡിപ്പോ - അമ്പലമുക്ക് - വയലിക്കട - മുട്ടട - പരുത്തിപ്പാറ - കേശവദാസപുരം - ഉള്ളൂര്‍ - മെഡിക്കല്‍ കോളജ് - മുറിഞ്ഞപാലം - പൊട്ടക്കുഴി - പട്ടം -പ്ലാമൂട് - പി എം ജി - നിയമസഭ - കേരള യുണിവേഴ്‌സിറ്റി - പാളയം സാഫല്യം കോപ്ലംക്‌സ് - ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം - ഫൈന്‍ ആര്‍ട്‌സ് കോളജ് - എല്‍ എം എസ്- മ്യൂസിയം - നന്ദന്‍കോട് - ദേവസ്വം ബോര്‍ഡ് ജങ്ഷന്‍ - കവടിയാര്‍ - അമ്പലമുക്ക് - പേരൂര്‍ക്കട ഡിപ്പോ.