തിരുവനന്തപുരം : തലസ്ഥാനത്ത് രണ്ട് വയസുകാരി മേരിയെ കാണാതായിട്ട് 13 മണിക്കൂറുകള്‍ പിന്നിട്ടു(Thiruvananthapuram girl missing case). സംഭവത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള പോലീസ് അന്വേഷണത്തിനിടെ, കുട്ടിയെ കണ്ടതായി ഈഞ്ചയ്ക്കല്‍ ഭാഗത്ത് സ്വകാര്യ സ്ഥാപന ഉടമയായ യുവാവ് പൊലീസിന് മൊഴി നല്‍കി. കുട്ടിയെ സ്‌കൂട്ടറില്‍ ഒരാള്‍ കൊണ്ടുപോകുന്നതായി ഒരു സഹോദരനും മിഠായി നല്‍കിയ ശേഷം വിളിച്ച് കൊണ്ടുപോകുന്നത് കണ്ടതായി മറ്റൊരു സഹോദരനും പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഈ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാന്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ തിരുവനന്തപുരം ഡി സി പി നിഥിന്‍ രാജിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുട്ടി സഞ്ചരിച്ചുവെന്ന് കരുതുന്ന റൂട്ടിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ കാണാതായ സ്ഥലത്തിനോട് ചേര്‍ന്നുള്ള ബ്രഹ്മോസ് കേന്ദ്രത്തില്‍ നിന്നുമാണ് സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുന്നുണ്ട്. കന്യാകുമാരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് വിവരം.
മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തെ ബാധിക്കുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു രാവിലെ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: 'കുട്ടിയെ സുരക്ഷിതയായി തിരിച്ചുകിട്ടണം, അന്വേഷണം നടക്കുകയാണ്' ; മേരിയുടെ തിരോധാനത്തില്‍ കമ്മിഷണര്‍
ഇന്ന് (19-02-2024) പുലർച്ചെ 12 മണിയോടെയാണ് തിരുവനന്തപുരം ബ്രഹ്മോസിന് സമീപം തുറസായ സ്ഥലത്ത് ടെന്‍റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികളുടെ രണ്ടുവയസുകാരിയെ കാണാതാകുന്നത്. പുലർച്ചെ 12നും ഒരു മണിക്കും ഇടയില്‍ മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്.