കോഴിക്കോട് : വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫിസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്‌തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
സർക്കാർ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്‌മൽ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
അജ്‌മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം അതിക്രമം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌ത പ്രാദേശിക ചാനൽ ലേഖകനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ച് ലേഖകൻ പൊലീസിൽ പരാതി നൽകി. അക്രമം ലേഖകൻ്റെ അറിവോടെയാണെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: ഇങ്ങനൊന്ന് ആദ്യം: ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്‌ഇബി