കണ്ണൂര്‍: മുഴപ്പിലങ്ങാട്-മാഹി ദേശീയ പാത തുറന്നതോടെ ചരിത്ര നഗരിയായ തലശ്ശേരി ഒറ്റപ്പെടലിന്‍റെ ആശങ്കയിലാണ്. ദേശീയ പാത നഗരം തൊടാതെ പോകുന്നതുകൊണ്ടു തന്നെ തലശ്ശേരിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലക്കുകയാണ്.
തലശ്ശേരി പോലുളള പൗരാണിക നഗരത്തിന്‍റെ പ്രൗഢിയും പ്രതാപവും ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് നഗരവാസികള്‍. ദേശീയ പാത നിര്‍മ്മാണം ഇക്കാലമത്രയും കൗതുകത്തോടെ നോക്കി നിന്നവരാണ് ഇപ്പോള്‍ ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയുളള നഗര പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോകുമെന്ന ആശങ്ക പങ്കുവെക്കുന്നത്.
സമ്പന്നമായ ചരിത്രവും തീരാത്ത കടല്‍ക്കാഴ്‌ചകളുമായിരുന്നു തലശ്ശേരിയുടെ ഈടുവെപ്പുകള്‍. പിന്നെ കൊതിയൂറും ഭക്ഷണവും ക്രിക്കറ്റും സര്‍ക്കസും. വടക്ക് മുംബൈ മുതലുളള സഞ്ചാരികളും തെക്കുഭാഗത്തു നിന്നുള്ള സഞ്ചാരികളും യാത്രക്കിടെ ഇടത്താവളം തേടിയെത്തുന്ന നഗരമായിരുന്നു തലശ്ശേരി. നഗരത്തിന് വിളിപ്പാടകലെ ഒട്ടേറെ ചരിത്ര സ്‌മാരകങ്ങള്‍ കാണാന്‍ കഴിയുമെന്നതു തന്നെയായിരുന്നു തലശ്ശേരിയുടെ പ്രാധാന്യം.
ഒരു ദിവസം തങ്ങിയാല്‍ കാണാന്‍ പാകത്തിലാണ് തലശ്ശേരിയിലെ കാഴ്‌ചകളെല്ലാം. നഗരത്തോട് ചേര്‍ന്നുള്ള വിശാലമായ കടല്‍, ഇംഗ്ലീഷ് ഭരണവുമായി ബന്ധപ്പെട്ട് കിടക്കുന്ന തലശ്ശേരി കോട്ട, ഓവര്‍ബറീസ് ഫോളി, കടല്‍പ്പാലം, തുടങ്ങിയ പൈതൃക ഇടങ്ങള്‍. ഇതെല്ലാം കണ്ടും ആസ്വദിച്ചും പോകുന്ന സഞ്ചാരികള്‍ നിരവധിയായിരുന്നു.
നഗരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബാഓബാബ് എന്ന അത്യപൂര്‍വ്വ വൃക്ഷത്തെ കാണാനും പഠിക്കാനും സസ്യ ശാസ്ത്രഞ്ജന്‍മാരും വിദ്യാര്‍ത്ഥികളും എത്തിച്ചേരാറുണ്ട്. ഈ വൃക്ഷത്തെ അടയാളപ്പെടുത്താന്‍ കാര്യമായി ഒരു നീക്കവും നടന്നിട്ടില്ല. ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌തും പരസ്യ ബോര്‍ഡുകള്‍ വെച്ചും മരത്തെ മറയ്ക്കുന്നവര്‍ക്ക് ഇതിന്‍റെ പ്രാധാന്യം അറിയുന്നില്ല. ഗുണ്ടര്‍ട്ട് ബംഗ്ലാവിലേക്കും വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്തിച്ചേരാറുണ്ട്.
നഗരം തൊടാതെ ദേശീയപാത കടന്നു പോകുന്നതിനാല്‍ ഇവയെല്ലാം ഇനി നാട്ടുകാരുടെ മാത്രം കാഴ്‌ചവസ്‌തുവായി മാറുമോയെന്നാണ് ആശങ്ക. ദേശീയ പാത തുറന്നതോടെ വലിയ വിഭാഗം സഞ്ചാരികളും തലശ്ശേരിയെ അറിയാതെ പോകുന്ന അവസ്ഥയാണ് വരുന്നത്. തലശ്ശേരി നഗരസഭയും ജനപ്രതിനിധികളുമൊക്കെ നഗരത്തിന്‍റെ പ്രൗഢിയും പെരുമയും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാകുന്നില്ല.
പുതിയ ദേശീയ പാതയിലൂടെ ഒഴുകുന്ന വാഹനങ്ങള്‍ക്ക് തലശ്ശേരിയിലേക്ക് കടന്നു വരാനുള്ള യാതൊരു അറിയിപ്പും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പൂര്‍ത്തീകരിച്ച ഹൈവേയുടെ മുഴപ്പിലങ്ങാട് ഭാഗത്തും തെക്ക് അഴിയൂര്‍ ഭാഗത്തും തലശ്ശേരിയിലെ പൈതൃക സ്‌മാരകങ്ങള്‍ അടയാളപ്പെടുത്തിയുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. സഞ്ചാരികള്‍ക്ക് കൗതുകമാകാനിടയുള്ള സ്ഥലങ്ങള്‍, അവിടങ്ങളിലേക്കെത്താനുള്ള ദൂരം എന്നിവ രേഖപ്പെടുത്തണം.
വലിയ ചെലവില്ലാത്ത ഇത്രയും കാര്യങ്ങളെങ്കിലും ചെയ്‌താല്‍ ഒരു പരിധിവരെ സഞ്ചാരികളേയും ചരിത്ര പ്രേമികളേയും തലശ്ശേരിയിലേക്കെത്തിക്കാം. തലശ്ശേരി നഗരസഭ മുന്‍കൈ എടുത്താല്‍ ഈ പൈതൃക നഗരിയിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാം. ഏറെക്കാലമായി കോര്‍പ്പറേഷന്‍ പദവിക്കു വേണ്ടി മുറവിളി കൂട്ടുന്ന തലശ്ശേരിയെ ഉയര്‍ത്താനുളള നടപടി സര്‍ക്കാര്‍ തലത്തിലും എടുക്കേണ്ടതുണ്ട്.
Also Read: മലബാറിന്‍റെ സ്വപ്‌ന സാഫല്യം; തെരഞ്ഞെടുപ്പ് വന്നു, തലശേരി മാഹി പാതയുടെ കുരുക്കഴിഞ്ഞു