കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നും കാസർകോട് എത്തിച്ചു. കുടക് സ്വദേശി പി എ സലീമിനെയാണ് ആന്ധ്രാപ്രദേശിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിയവേയാണ് പി എ സലീം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലാകുന്നത്. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റൊരാളിന്‍റെ ഫോണിൽ നിന്ന് തന്‍റെ പെൺ സുഹൃത്തിനെ വിളിച്ചതാണ് അന്വേഷണത്തിൽ വഴിതിരിവായത്. ഈ ഫോൺകോൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിൽ യഥാർത്ഥ ഫോൺ ഉടമയെ കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തതോടെ സലീം എവിടെയുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അന്വേഷണ സംഘം വലയിലാക്കി. ഇന്നലെ(മെയ് 23) രാത്രിയോടെ കസ്‌റ്റഡിയിലെടുത്ത സലീമിനെ ഇന്ന് രാത്രി എട്ട് മണിയോടെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫിസിലെത്തിച്ചു. സലീമിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. സലീമിനായി കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.