കോഴിക്കോട്: നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച അധ്യാപിക ഇന്നലെയും (ഫെബ്രുവരി 10) കോഴിക്കോട് എന്‍ഐടി കാമ്പസില്‍ ഹാജരായില്ല. സംഭവത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് അധ്യാപിക കാമ്പസില്‍ എത്താത്തതെന്നാണ് സൂചന. അതേസമയം അവധിക്കായുള്ള ഔദ്യോഗിക അപേക്ഷകളൊന്നും നല്‍കിയിട്ടില്ലെന്നാണ് കോഴിക്കോട് എന്‍ഐടി മാനേജ്‌മെന്‍റിന്‍റെ വിശദീകരണം ( Nathuram Vinayak Godse).
കുന്ദമംഗലം പൊലീസിന് ഇതുവരെ അധ്യാപികയെ നേരില്‍ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസിലെ മൊഴിയെടുപ്പ് നീണ്ട് പോകുകയാണ്. അധ്യാപിക മൊഴിയെടുപ്പിന് ഹാജരാകാത്തത് കൊണ്ട് താമസ സ്ഥലത്തെത്തി നോട്ടിസ് കൈമാറാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം കേസില്‍ അധ്യാപികക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും വിവിധയിടങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ നേരിട്ട് ജാമ്യം ലഭിക്കാവുന്ന കലാപാഹ്വാനത്തിനുള്ള 153 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത് (NIT College Nathuram Vinayak Godse Controversy).
അധ്യാപികയ്‌ക്ക് വിനയായ കമന്‍റ്: ഫെബ്രുവരി 3നാണ് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍ഐടി അധ്യാപികയായ ഷൈജ ആണ്ടവന്‍ ഫേസ് ബുക്കില്‍ കമന്‍റിട്ടത്. ഗോഡ്‌സെ അഭിമാനമാണെന്നുള്ള കമന്‍റാണ് അധ്യാപികയ്‌ക്ക് വിനയായത്. 'ഹിന്ദു മാഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ നിരവധി പേരുടെ ഹീറോ' എന്നായിരുന്നു കമന്‍റ്. കൃഷ്‌ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്‌ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു കമന്‍റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട് എന്നും പ്രതികരിച്ചിരുന്നു.
സംഭവം വിവാദമായതോടെ അധ്യാപികയെ കോളജില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്‌എഫും കെഎസ്‌യുവും പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതിനിടെ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് എംകെ രാഘവന്‍ എംപിയും ആവശ്യപ്പെട്ടു.
തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ അധ്യാപിക അത് പിന്‍വലിക്കുകയും ചെയ്‌തു. തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും അതുകൊണ്ട് ഫേസ് ബുക്കിലെ പരാമര്‍ശം പിന്‍വലിച്ചെന്നും അധ്യാപിക ഷൈജ ആണ്ടവന്‍ അറിയിക്കുകയും ചെയ്‌തിരുന്നു.
ഫേസ് ബുക്ക് വിവരങ്ങള്‍ തേടി പൊലീസ്: അധ്യാപികയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെ വിവാദമായ കമന്‍റിട്ട ഫേസ് ബുക്ക് അക്കൗണ്ടിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഷൈജ ആണ്ടവന്‍റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് തന്നെയാണോ കമന്‍റ് ഇട്ടതെന്ന് ഉറപ്പിക്കാനായിരുന്നു അന്വേഷണം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം ( Nathuram Vinayak Godse Comment Controversy).