കോഴിക്കോട്: കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുന്‍ അധ്യാപകൻ 1738000 രൂപയുടെ കള്ളനോട്ടുമായി വീണ്ടും പിടിയിൽ. ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിനെയാണ് ഇന്നു (നവംബർ 1) പുലർച്ചെ പുതുപ്പാടി മലപ്പുറത്തുള്ള വീട്ടിൽ വെച്ച് പിടികൂടിയത്.
ഈ വർഷം ജൂൺ മാസത്തിൽ കോഴിക്കോട് നരിക്കുനി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ടുകൾ കൈമാറ്റം ചെയ്‌ത കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. പിടിയിലായ ഹിഷാം എൺപത് ദിവസത്തോളം റിമാന്‍റിലായിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുക ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് റൂറൽ എസ്‌പി പി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ബാംഗ്ലൂരിലും ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രിന്‍ററുകളും സ്‌കാനറുകളും ഫോട്ടോസ്‌റ്റാറ്റ് മെഷിനും മറ്റു സാമഗ്രികളും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകളാണ് നിർമ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂൾ അധ്യാപകനായ ഇയാൾ പെരുമാറ്റ ദൂഷ്യത്തിന് നേരത്തെ സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് കള്ളനോട്ട് കേസിലെ പ്രതിയാവുന്നത്. നരിക്കുനിയിലെ കള്ളനോട്ട് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ്. കസ്‌റ്റഡിയിൽ ആയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. കോടഞ്ചേരി ഗവൺമെന്‍റ് എൽപി സ്‌കൂൾ അധ്യാപകനായിരുന്നു പ്രതി.
താമരശ്ശേരി ഡിവൈഎസ്‌പി എ പി ചന്ദ്രൻ്റെ നിർദേശ പ്രകാരം താമരശ്ശേരി ഇൻസ്പെക്‌ടർ ഷീജു, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ എസ്ഐ മുനീർ ഇകെ, എസ് സി പി ഒ മാരായ ഷാഫി എൻ എം, ജയരാജൻ പനങ്ങാട്, ജിനിഷ് ബാലുശ്ശേരി, താമരശ്ശേരി എസ് ഐ മാരായ ബിജു ആർ, സി അബ്‌ദുൽ റഷീദ്, എ എസ് ഐ പി ഷൈനി സിപിഒ ജിതിൻ, സൈബർ സെൽ അംഗങ്ങളായ ജി അമൃത, എം കെ ഷരേഷ്, വി വി ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ട് പിടികൂടിയത്.
Also Read:ആർബിഐ യിൽ കള്ളനോട്ടു കൈമാറ്റം ചെയ്യാൻ ശ്രമം; മലയാളികളടക്കം അഞ്ച് പേർ കർണാടക പോലീസിന്‍റെ പിടിയിൽ