തിരുവനന്തപുരം : കെഎസ്ആർടിസി ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയതിനും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയൻ ടിഡിഎഫ്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്‌ക്കും എതിരെ ഡ്രൈവറുടെ പരാതിയിൽ കേസെടുക്കണമെന്നും സംഭവത്തിൽ ഇതുവരെ പരാതി നൽകാത്ത കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിര മാനേജ്മെന്‍റ് നടപടി സ്വീകരിക്കണമെന്നും ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ ആവശ്യപ്പെട്ടു.
അധികാരമുണ്ടെന്ന അഹങ്കാരത്തിൽ ദിവസ വേതനക്കാരനായ ഡ്രൈവർക്കെതിരെ കേസെടുപ്പിച്ച് അറസ്റ്റ് ചെയ്‌ത നടപടി പാവങ്ങളുടെ മേലുള്ള മേയറുടെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെയും കുതിര കയറലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബസിലെ യാത്രക്കാരെ പോലും വഴിയിൽ ഇറക്കിവിടുകയും പൊതുഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തിട്ടും ഒരു കേസ് പോലും മേയറുടെയോ സച്ചിൻ ദേവ് എംഎൽഎയുടെയോ പേരിൽ എടുത്തിട്ടില്ല.
ഇത് സഖാക്കൾക്ക് നാട്ടിൽ നിയമം കയ്യിലെടുക്കാനുള്ള ലൈസൻസ് ഉണ്ടെന്ന സന്ദേശമാണ് നൽകുന്നത്. അധികാരത്തിന്‍റെ അഹങ്കാരവുമായി പാവങ്ങളുടെ മേൽ കയറുന്നത് അംഗീകരിക്കില്ലെന്നും ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം വിൻസെന്‍റ് വ്യക്തമാക്കി.
ALSO READ: വാഹനത്തിന് സൈഡ് നല്‍കിയില്ല; നടുറോഡിൽ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കേറ്റം