എറണാകുളം : കാലടിയിൽ സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ചു. സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥിനികൾ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഗതാഗത കുരുക്കിനിടെ യു ടേൺ എടുക്കുന്നതിനിടെയായിരുന്നു അപകടം.
വിദ്യാർഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക്, പെട്ടന്ന് മുന്നോട്ട് എടുത്ത ടോറസ് ഇടിക്കുകയായിരുന്നു. വിദ്യാർഥിനികളില്‍ ഒരാൾ തെറിച്ച് വീഴുകയും പിന്നിലുണ്ടായിരുന്നയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ടോറസ് ലോറി ഉടൻ നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്.
ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ടോറസിനടിയിലേക്കാണ് വീണത്. ടോറസ് ലോറി പിന്നോട്ട് എടുത്താണ് സ്‌കൂട്ടർ റോഡിൽ നിന്നും മാറ്റിയത്. ഗതാഗത കുരുക്കിനിടെ ടോറസ് ലോറിയുടെ മുൻ ഭാഗത്ത് കൂടി സ്‌കൂട്ടർ യു ടേൺ എടുത്ത് പോകുന്നത് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
സ്‌കൂട്ടർ യാത്രക്കാരായ വിദ്യാർഥിനികളുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത്. വിദ്യാർഥിനികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് തെളിയിക്കുന്നതാണ് അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ. കാലടി ശ്രീ ശങ്കര കോളജ് വിദ്യാർഥിനികളാണ് അപകടത്തില്‍ പെട്ടത്. ഇരുവരും കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Also Read : കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട് ട്രക്കിൽ ഇടിച്ചു ; എട്ട് മരണം - Road Accident In Madhya Pradesh