കോഴിക്കോട് : ഒറ്റചുവടിൽ നിന്നും 65 കിലോയിൽ അധികം തൂക്കമുള്ള ഭീമൻ മരിച്ചീനി വിളവെടുത്ത് കോഴിക്കോട്ടെ ഒരു കർഷകൻ. കൊടുവള്ളി മാനിപുരം വൈക്കര ചെവിടം ചാലിൽ വീട്ടിൽ കുട്ട്യേമുവിന്‍റെ കൃഷിയിടത്തിലാണ് ഭീമൻ മരച്ചീനി വിളഞ്ഞത്.
പതിനൊന്നു മാസം മുൻപ് നട്ട കിന്‍റൽ ഇനത്തിൽ പെട്ട നാലു മരച്ചീനി കമ്പുകളിൽ ഒന്നിൽ നിന്നുമാണ് ഇത്രയും വലിയ മരച്ചീനി ലഭിച്ചതെന്ന് കുട്ട്യേമു പറഞ്ഞു. പൂർണമായും ജൈവ രീതിയിൽ ആണ് വള പ്രയോഗം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് 25 കിലോ വരെ തൂക്കമുുള്ള മരച്ചീനി വിളവെടുത്തിട്ടുണ്ട്, എന്നാല്‍ ഇത്രയും തൂക്കം ലഭിച്ച മരച്ചീനി ആദ്യമായിട്ടാണ് ലഭിക്കുന്നതെന്ന് കുട്ട്യേമു പറഞ്ഞു. അപൂർവ്വ മരച്ചീനി ലഭിച്ചതോടെ നിരവധി പേരാണ് കേട്ടറിഞ്ഞ് മരച്ചീനി കാണാനെത്തുന്നത്.
തൂക്കം 5 കിലോ, ഇതിനെയെങ്ങനെ 'ചെറു'നാരങ്ങയെന്ന് വിളിക്കും ! ; വിളഞ്ഞത് വിജുവിന്‍റെ തോട്ടത്തില്‍ : കർണാടകയില്‍ അഞ്ച് കിലോ തൂക്കം വരുന്ന ചെറുനാരങ്ങ വിളയിച്ച് കർഷകൻ. കുടക് ജില്ലയിലെ പാലിബെട്ടയിലെ ഒരു തോട്ടത്തിലാണ് ഈ അപൂർവ ഇനം നാരങ്ങ വിളഞ്ഞത് (farmer grew giant lemons in Karnataka). ഓരോ നാരങ്ങയ്ക്കും അഞ്ച് കിലോ തൂക്കം വരും. കുടക് മുൻ ജില്ല പഞ്ചായത്ത് അംഗവും സാമൂഹിക പ്രവർത്തകനുമായ മൂക്കോണ്ട വിജു സുബ്രമണിയുടെ കാപ്പിത്തോട്ടത്തിലാണ് ഈ നാരങ്ങ വളർന്നത്. വിജുവിന്‍റെ നാരങ്ങാത്തോട്ടം കണ്ട് തൊഴിലാളികളും പ്രാദേശിക കർഷകരും അമ്പരന്നു. നാരങ്ങ ചെടിയെ കുറിച്ച് വിജു സുബ്രമണി പറഞ്ഞത് ഇങ്ങനെ.
'നാലു വർഷം മുമ്പ് മൈസൂർ മാർക്കറ്റിൽ നിന്ന് പഴങ്ങൾ വാങ്ങിയിരുന്നു. വീടിനു പിന്നിലെ തോട്ടത്തിൽ വിത്ത് പാകി ദിവസങ്ങൾക്കുള്ളിൽ രണ്ട് തൈകൾ വളർന്നു. പിന്നീട് ഇവ പിഴുതെടുത്ത് ജൈവവളം ഉപയോഗിച്ച് കാപ്പി തോട്ടത്തില്‍ നട്ടു. ചെടി മൂന്ന് വർഷം കൊണ്ട് വളർന്നുവെങ്കിലും പൂക്കളോ കായ്‌കളോ അതില്‍ ഉണ്ടായില്ല. അതിനാൽ ഇത് എന്ത് ചെടിയാണെന്ന് കണ്ടെത്താനായില്ല. കുറച്ച് മാസങ്ങൾക്ക് കഴിഞ്ഞ്, ചെടിയിൽ വലിയ, മുല്ലപ്പൂവിന്‍റെ ആകൃതിയിലുള്ള പൂക്കൾ ഉണ്ടായി, അത് പിന്നീട് കായ്‌കളായി മാറി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവ വലുതായി വളർന്നു' എന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റലിയിലും യൂറോപ്യൻ രാജ്യങ്ങളിലും അപൂവമായി കാണപ്പെടുന്ന ഈ ചെറുനാരങ്ങ സാധാരണയായി എല്ലാത്തരം കാലാവസ്ഥകളോടും ഇണങ്ങിചേരുന്നതാണ്. ഇതിന്‍റെ ഫലം ഓവൽ രൂപത്തിൽ ആണുള്ളത്. അതിൽ ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു. പഴുത്ത പൾപ്പുള്ള ഇതിന്‍റെ പഴങ്ങൾ അച്ചാറിനും ശീതളപാനീയങ്ങൾക്കും ഉപയോഗിക്കും. കൂടാതെ, ഇതിന് നിരവധി ആരോഗ്യ, ഔഷധ ഗുണങ്ങളുമുണ്ട്.