എറണാകുളം: രാജ്യത്ത് എല്ലാവർക്കും സുരക്ഷിതത്വവും തുല്യതയും നൽകുന്ന സർക്കാരുണ്ടാവണമെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. കാക്കനാട് തെങ്ങോട് ഗവൺമെൻ്റ് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിൻ്റെ സർക്കാർ ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ട് രേഖപ്പെടുത്തുമ്പോൾ നാടിനോടുള്ള സ്നേഹവും ഇഷ്‌ട്ടവും ഒരുപാട് ഉണ്ടന്നും അദ്ദേഹം പറഞ്ഞു.
അഭിമാനത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുത്. വോട്ടവകാശം നിർബന്ധമായുള്ള പൗരാവകാശമാണ്. ഒരോരുത്തർക്കും അവരവരുടെ കാഴ്‌ചപാടുണ്ട്. തൻ്റെ കാഴ്‌ചപ്പാട് അനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെന്നും റാഫേൽ തട്ടിൽ പറഞ്ഞു.
മതേതര സർക്കാർ വരണമെന്നുള്ള ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ഈ നാട് അതാണല്ലോയെന്നായിരുന്നു മറുപടി. എല്ലാ മതങ്ങളും ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണിത്. എല്ലാവർക്കും സുരക്ഷിതത്വവും തുല്യതയും കിട്ടുന്ന നാടാണിത്. സർക്കാറും അങ്ങിനെയായിരിക്കണം. മണിപ്പൂർ വിഷയം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോയെന്ന് വോട്ടർമാരാണ് പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.