കോഴിക്കോട് : കൈ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടർ ബിജോണ്‍ ജോണ്‍സനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് ചേർന്നതിന് ശേഷമായിരിക്കും ചോദ്യം ചെയ്യൽ. നാലു വയസുകാരിക്ക് നാക്കിന് പ്രശ്‌നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷം വ്യക്തമാകും.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഡോക്‌ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ കുട്ടിക്ക് നാവിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ശസ്ത്രക്രിയ പിഴവ് കേസിൽ കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ചാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. നാലു വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സ വീഴ്‌ചയുണ്ടെന്നും പൊലീസ് കരുതുന്നു. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവർ മെഡിക്കൽ കോളജിൽ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ പരിശോധിച്ച മറ്റ് ഡോക്‌ടർമാരിൽ നിന്നടക്കം പൊലീസ് മൊഴിയെടുത്തു. കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാൻ എത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ ഡോക്‌ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു.