തൃശൂര്‍ : കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് തൃശൂര്‍ പൂരം കുളമാക്കിയതെന്ന കെ മുരളീധരന്‍റെ ആരോപണത്തിന് മറുപടിയുമായി സുരേഷ് ഗോപി. പൂരം വൈകാരിക വിഷയമാണെന്നും രാഷ്ട്രീയ വിഷയമല്ല എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അതിൽ രാഷ്ട്രീയ വക്രം കാണുന്നവരുടെ ജല്‌പനങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിക്ക് നേട്ടം ഉണ്ടാക്കാനാണ് എന്ന് പറയുന്നത് അവരുടെ ചരിത്രമാണ്. അവരെങ്ങനെ കലാപം ഉണ്ടാക്കി നേട്ടം ഉണ്ടാക്കാൻ ഓരോ ലോക്‌സഭ തെരഞ്ഞെടുപ്പിലും ശ്രമിക്കും. ജനങ്ങളെ തല്ലിയതിനാണ് ജുഡീഷ്യൽ അന്വേഷണം വേണ്ടത്.
വെടിക്കെട്ടിൽ വെള്ളമൊഴിക്കും എന്ന് കാക്കിയിട്ടവരെകൊണ്ട് ആര് പറയിച്ചു എന്നറിയണം. തെരഞ്ഞെടുപ്പ് ആയത് കൊണ്ട് ഞാൻ മിണ്ടാതിരിക്കുകയാണ്. ഈ കൊലച്ചതി ജനങ്ങളോട് ചെയ്‌തത് ശരിയല്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് കാര്യങ്ങൾ നന്നായി ചെയ്യാൻ അറിയാം. ജനങ്ങൾ നിയമം പാലിക്കുന്നവരാണ്. പെട്ടെന്ന് അധികാരത്തിന്‍റെ ദണ്ഡുമായി ചെല്ലരുത്. വളരെ മോശമാണ് കാണിച്ചത്.
എന്നെ 2.15 നാണ് തിരുവമ്പാടി ദേവസ്വത്തിൽ നിന്ന് ഗിരീഷ് വിളിക്കുന്നത്. അരമണിക്കൂറിനുള്ളിൽ അവിടെയെത്തി. അവിടെ എന്നെ തടഞ്ഞുവച്ച സ്ഥലത്ത് ചില ചെറുപ്പക്കാർ വന്നാണ് എന്നെ കടത്തിവിടാൻ പരിഹാരമുണ്ടാക്കിയത്. ആരൊക്കെ എന്നെ തടഞ്ഞുവച്ചു എന്ന് എനിക്ക് നന്നായി അറിയാം. അവിടെ പരിഹാരത്തിനു വേണ്ടിയാണ് പോയത്. ഞാൻ തിരുവമ്പാടി ദേവസ്വത്തിന്‍റെ സമനിലയെയാണ് വണങ്ങുന്നത്. അവർ യോജിച്ച തീരുമാനം എടുത്തു. ജനങ്ങൾ പകരം ചോദിക്കും. ആ ജനങ്ങളുടെ കൂടെ അടുത്ത പൂരത്തിന് ഞാൻ നിൽക്കും' -സുരേഷ് ഗോപി പറഞ്ഞു.
Also Read : പൊലീസുമായി തര്‍ക്കം, പൂരം നിര്‍ത്തിവച്ച് തിരുവമ്പാടി ദേവസ്വം; വെടിക്കെട്ട് വൈകി - Thrissur Pooram Issue