തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് ഗുരുകൃപയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവാദമായ പോസ്റ്റ് താൻ വായിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പാര്‍ട്ടി ജില്ല അധ്യക്ഷനാണ് കാണേണ്ടുന്ന പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. അനീഷ് കുമാറിനെയാണ് താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത്. ഗോപിയാശാനെ ബന്ധപ്പെട്ടില്ലെന്ന് പറഞ്ഞ നടൻ, മുമ്പ് പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും മുണ്ടും നേരിയതും നല്‍കി വണങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസാണോ എന്നറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് ഈ ഇലക്ഷനിൽ പ്രത്യേക സ്‌ട്രാറ്റജികൾ ഇല്ലെന്നും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളും ഉണ്ട്. ഇവരെയൊക്കെ എല്ലാ സ്ഥാനാര്‍ഥികളും കാണുന്നതാണ്. ഗുരുത്വത്തിന്‍റെ പുറത്താണ് താൻ ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്.
ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. ഗോപിയാശാനും ഗുരുതുല്യനാണ്. അദ്ദേഹത്തെ ഗുരുവെന്ന നിലയില്‍ ഇനിയും വണങ്ങാൻ ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ല അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
മാത്രമല്ല, ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേരിയതും സമര്‍പ്പിച്ച് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യും. ഇത്തരത്തില്‍ കാണാൻ കഴിയാത്തവര്‍ക്കായി താൻ മനസുകൊണ്ട് പൂജ അര്‍പ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും ആയിരുന്നു രഘുരാജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്‌തനായ ഒരു ഡോക്‌ടർ ബന്ധപ്പെട്ടെന്ന് പറഞ്ഞ രഘുരാജ് നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേ എന്ന് ചോദിച്ചതായും കുറിപ്പിൽ പറഞ്ഞിരുന്നു.
ഇനിയും ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടിലേക്ക് വരേണ്ടെന്നും ഇത് ഒരു അപേക്ഷയായി കൂട്ടിയാല്‍ മതിയെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വലിയ ചർച്ചയായതോടെ രഘുരാജ് പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തിരുന്നു. തന്‍റെ പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയെന്നും സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണം എന്നുമായിരുന്നു വിശദീകരണം.
ALSO READ: 'ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട; ചർച്ചയായി മകന്‍റെ കുറിപ്പ്