തിരുവനന്തപുരം : ഇത്തവണ തന്നെ ജയിപ്പിച്ച് വിടണേ എന്ന അഭ്യർഥനയും പ്രാർഥനയും മാത്രമേ ഉള്ളൂവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ തന്നെ ജയിപ്പിച്ച് വിടണേ എന്ന അഭ്യർഥനയും പ്രാർഥനയും മാത്രമേ ഉള്ളൂ. ജയിപ്പിച്ചു വിട്ടാൽ എന്ത് എന്നതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. താൻ അതവിടെ ചെയ്‌തുവച്ചിട്ടുണ്ട്. അത് മനസിലാക്കിയവർക്ക് തന്നെ തള്ളി പറയനോ ഒഴിവാക്കാനോ സാധിക്കില്ല എന്ന അമിതമായ ആത്മവിശ്വാസമുണ്ട്. മറ്റന്നാൾ ഉച്ചയോട് കൂടി തൃശൂരിൽ എത്തും. അതിന് ശേഷം പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
വെറ്ററിനറി വിദ്യാർഥി സിദ്ധാർഥിന്‍റെ മരണവും സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്‍റെ പ്രതിഷേധവും രണ്ട് സംഭവങ്ങളും മക്കളുള്ള എല്ലാ അച്ഛനമ്മമാരുടെയും കുടുംബങ്ങളുടെയും പ്രതീക്ഷയുടെ കടക്ക് കത്തിവക്കുന്ന രാഷ്ട്രീയമാണ് ഇവിടെ ഭരിക്കുന്നത്. ഹൈക്കോടതി പോലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 51ന്‍റെ എണ്ണം പറഞ്ഞ് നിശ്ചയങ്ങൾ എല്ലാം പുതുക്കി കൊണ്ടിരിക്കുകയാണ്.
താൻ ഇപ്പോഴും വിശ്വസിക്കുന്നു, യഥാർഥ കുറ്റവാളികൾ അല്ല എന്ന് പറയുന്നില്ല. അതിലും നിരപരാധികളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സിദ്ധാർഥിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ നിരാഹാര സമര സമാപനത്തിലും സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.