കോട്ടയം : നല്ല വിജയ പ്രതീക്ഷയിലാണെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. പാലായിൽ ചില സ്വകാര്യ സന്ദർശനങ്ങള്‍ക്ക് ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദർശനമെല്ലാം ഗുരുത്വത്തിന്‍റെ ഭാഗമായി നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാവിലെ സുരേഷ് ഗോപി പാലാ ടൗൺ കപ്പേള പള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഇന്നലെ അദ്ദേഹം അരുവിത്തുറ പള്ളിയും ഭരണങ്ങാനത്ത് അൽഫോണ്‍സാമ്മയുടെ കബറിടവും സന്ദർശിച്ചിരുന്നു.
ജനാധിപത്യത്തിന്‍റെ പൂരത്തിന് ഒരുങ്ങി തൃശൂർ : തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ തൃശൂർ മണ്ഡലത്തിൽ പോരാട്ടച്ചൂടിന് ശമനമില്ല. ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ചിട്ട തൃശൂർ മണ്ഡലം ആർക്കൊപ്പമെന്ന ചോദ്യത്തിൻ്റെ ഉത്തരമിപ്പോഴും സസ്പെൻസാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ഡലത്തില്‍ പലകുറിയെത്തിയിരുന്നു. എങ്ങനെയും തൃശൂരിൽ ജയിച്ചുകയറുകയെന്ന ലക്ഷ്യത്തോടെയാണ് എൻഡിഎയും സ്ഥാനാർഥി സുരേഷ് ഗോപിയും മുന്നോട്ടുപോകുന്നത്.
തൃശൂർ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുൾപ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിക്കുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയുമായി മൂന്ന് തവണയാണ് നരേന്ദ്രമോദി അടുത്തിടെ തൃശൂർ മണ്ഡലത്തിലെത്തിയത്.