ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം; നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ - SUPPLYCO ON FALSE PROPAGANDA - SUPPLYCO ON FALSE PROPAGANDA
സപ്ലൈകോ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രചാരണം വ്യാജമെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ. ഒരു വര്‍ഷം മുമ്പത്തെ വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Published : Jul 24, 2024, 10:29 PM IST
എറണാകുളം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരം ഇല്ലാത്തതാണെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ പിഎം ജോസഫ് സജു. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പത്തെ വീഡിയോ വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കോര്‍പറേഷന്‍ പൊലീസില്‍ പരാതി നൽകി.
കോര്‍പറേഷന്‍ വിജിലൻസ് വിങ് ഫ്ലയിങ് സ്ക്വാഡ് ഓഫിസർ എൻപി രാജേഷാണ് കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്.പൊട്ടിച്ച് ഉപയോഗിച്ച ശേഷം പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതില്‍ പുഴുക്കളെ കണ്ടെത്തിയതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചിലെ ആട്ട പാക്കറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാരത്തില്‍ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് സപ്ലൈകോ ഒരു വര്‍ഷം മുമ്പ് വിശദീകരണം നല്‍കിയിരുന്നു.
വീഡിയോയില്‍ കാണിക്കുന്ന ആട്ടയുടെ കവറില്‍ 2023 ഏപ്രിലില്‍ തയ്യാറാക്കിയതാണ് എന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ പ്രസ്‌തുത കവര്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയ തീയതി പറയുന്നില്ല. പൊട്ടിച്ച ശേഷം ബാക്കി വന്ന ആട്ട കേടുവരാത്തവിധം സുരക്ഷിതമായാണോ സൂക്ഷിച്ചതെന്നും വ്യക്തമല്ല.
സപ്ലൈകോയുടെ ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് വാങ്ങിയ ഔട്ട്ലെറ്റിലോ, സമീപത്തുള്ള ഡിപ്പോയിലോ, റീജിയണൽ ഓഫിസുകളിലോ അറിയിച്ചാല്‍ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്. വീഡിയോയില്‍ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഔദ്യോഗികമായി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല. പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സപ്ലൈകോയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സപ്ലൈകോ അറിയിച്ചു. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് കേരള പൊലീസ് ആക്‌ട് 2011, വകുപ്പ് 120 (ഒ) പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഗുണനിലവാര പ്രക്രിയ: പിഡിഎസ് ആട്ട ലഭ്യമാക്കുന്നതിന് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകൾ അവരുടെ സ്വന്തം ലാബിലും എൻഎബിഎൽ അക്രഡിറ്റഡ് ലാബുകളിലും പരിശോധന നടത്തിയ ശേഷമാണ് ഇവ വിതരണത്തിനെത്തിക്കുന്നത്. സപ്ലൈകോയുടെ ഗുണനിലവാര വിഭാഗം മില്ലുകൾ പരിശോധിക്കുകയും ആട്ട സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധിക്കുകയും ചെയ്യുന്നു.
സപ്ലൈകോ റേഷൻ കട വഴി വിതരണം ചെയ്യുന്ന ആട്ടയിൽ കേടാകാതിരിക്കുന്നതിനുള്ള രാസവസ്‌തുക്കള്‍ ചേർക്കാത്തതിനാൽ, പാക്കറ്റ് പൊട്ടിച്ചശേഷം കാറ്റുകൊള്ളുന്ന രീതിയില്‍ സൂക്ഷിച്ചാല്‍ കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊട്ടിച്ച ശേഷം സാധനങ്ങള്‍ വായു കടക്കാതെ സൂക്ഷിക്കണം.
സപ്ലൈകോ ഉത്പന്നങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 0484 2205165 എന്ന ഫോണ്‍ നന്പരിലും pio@supplycomail.com എന്ന ഇമെയില്‍ വിലാസത്തിലും അറിയിക്കാം.
Also Read: ഇനി കൈ പൊള്ളും; സപ്ലൈകോയുടെ പുതുക്കിയ വിലയില്‍ വന്‍ വര്‍ധന; സബ്‌സിഡി 35 ശതമാനം മാത്രം