തൃശൂർ: തൃശൂർ മാള കോള്‍ക്കുന്നില്‍ വര്‍ണം വിടര്‍ത്തി സൂര്യകാന്തി ചെടികള്‍ പൂവിട്ടു. പ്രദേശവാസിയായ ചന്ദ്രന്‍ പാട്ടത്തിനെടുത്ത അര ഏക്കര്‍ കൃഷി ഭൂമിയിലാണ് സൂര്യകാന്തികള്‍ പൂവ് ചൂടിയിരിക്കുന്നത്. 2 മാസം മുന്‍പ് പരീക്ഷണാടിസ്ഥാനത്തിലാണ് ചന്ദ്രന്‍ സൂര്യകാന്തി നട്ടത്.
മാളയിലെ കോൾകുന്നിൽ പൂവിട്ട സൂര്യകാന്തിപ്പൂക്കൾ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ്. അത്യുല്‍പാദന ശേഷിയുള്ള സൂര്യകാന്തി വിത്തിനങ്ങളാണ് ചന്ദ്രന് ലഭിച്ചത്. നാലായിരം ചെടികളാണ് ഈ അരയേക്കറിലുള്ളത്. ഓരോന്നും 5 അടിയിലധികം ഉയരം വച്ചവയാണ്. ഭൂരിഭാഗവും പൂവിട്ടു. സുഹൃത്തും കര്‍ഷകനുമായ അഷ്ടമിച്ചിറ സ്വദേശി സിനോജായിരുന്നു ചന്ദ്രനു സൂര്യകാന്തി വിത്തുകള്‍ സംഘടിപ്പിച്ചു നല്‍കിയത്.
ചാണപ്പൊടിയടക്കമുള്ള ജൈവ വളങ്ങള്‍ മാത്രമാണ് കൃഷിയ്ക്കുപയോഗിച്ചത്. ഒരുമാസം കഴിഞ്ഞാല്‍ വിളവെടുപ്പ് നടത്തുവാനാണ് ചന്ദ്രന്‍റെ തീരുമാനം. കൃഷിയോട് താല്‍പര്യമുള്ളവര്‍ക്ക് വിത്തു നല്‍കുവാനും ചന്ദ്രൻ തയ്യാറാണ്. 103 വയസുള്ള അമ്മ കാര്‍ത്യായനിയും ഭാര്യ അംബികയും മക്കളുമാണ് ചന്ദ്രനെ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ നാല്‍പതിലധികം വര്‍ഷങ്ങളായി ജൈവകൃഷി രംഗത്തുള്ള ചന്ദ്രന്‍ 12 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്‌ത് വരികയാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്‌കാരം നേടിയ മാള-കോള്‍ക്കുന്ന് ഹരിത സംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയാണ് ചന്ദ്രന്‍. നിരവധിപേരാണ് ആണ് സൂര്യകാന്തി പൂവിട്ടത് അറിഞ്ഞു കാണാനായി ഇവിടേക്ക് എത്തുന്നത്.