കണ്ണൂർ : പച്ചക്കറി കർഷകരായ പ്രകാശന്മാർ എന്നറിയപ്പെടുന്ന സി പ്രകാശനും ടി പ്രകാശനും സ്ഥിരമായി പച്ചക്കറി കൃഷിയിറക്കുന്നവരാണ്. ഇത്തവണയും വിത്തും വളവും പാടവുമൊരുക്കിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തി. പാടങ്ങൾ വെള്ളക്കെട്ടിലായി.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് സുഹൃത്ത് സുര്യകാന്തി കൃഷിയെക്കുറിച്ച് പറഞ്ഞത്. കേട്ടുകേൾവിയില്ലാത്ത കൃഷി എങ്ങനെ ചെയ്യുമെന്ന് അവർ ആലോചിച്ചു. പിന്നീട് ചെന്നൈയിലെയും കോയമ്പത്തൂരിലെയും തേനിയിലെയും സൂര്യകാന്തി കൃഷിക്കാരുമായി ബന്ധപ്പെട്ടു. പലയിടങ്ങളിൽ നിന്നായി വിത്തും ശേഖരിച്ചു.
അയ്യോത്തെ ഗ്യാലക്‌സി ബസ് സ്‌റ്റോപ്പിന് പടിഞ്ഞാറുള്ള 30 സെന്‍റിലും ദേശാഭിമാനി തിയറ്റേഴ്‌സിന്‍റെ കിഴക്ക് 15 സെന്‍റിലുമാണ് കൃഷിയിറക്കിയത്. വിത്ത് ഒന്നൊഴിയാതെ മുളച്ച് തഴച്ച് വളർന്നു. നിലമൊരുക്കാൻ ട്രാക്‌ടർ അടിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വളപ്രയോഗം. ചാണകപ്പൊടിയും ചാരവുമാണ് വളം.
മുളച്ച് വരാനേ സൂര്യകാന്തിക്ക് ജലാംശം ആവശ്യമുള്ളു. മുന്തിയ ഇനം സൂര്യ കാന്തി വിത്തിന് കിലോയ്ക്ക് 1200 രൂപയോളം രൂപ വിലയുണ്ട്. ഗുണം കുറഞ്ഞവ പക്ഷിത്തീറ്റകൾക്കും മറ്റുമായാണ് ഉപയോഗിക്കാറ്. ഇവയ്ക്ക് വിലയും കുറവാണ്. ഏതാണ്ട് 100 -120 രൂപയ്ക്ക് ലഭിക്കും . പാടത്തുനിന്നുതന്നെ പൂവ് ഉണക്കിയാണ് വിത്ത് ശേഖരിക്കുക. പരീക്ഷണാർഥം നടത്തിയ കൃഷിയിൽ സമൃദ്ധമായി വിളവ് ലഭിച്ചതോടെ അടുത്ത വർഷം കൃഷി വ്യാപിപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സി പ്രകാശൻ പറഞ്ഞു.
ചെമ്മണ്ണ് വീഴ്ത്താതെ കൊയ്ത്തല പാടത്ത് വിളവ് കൊയ്‌ത് യുവത : കോഴിക്കോട് സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന ഫറോക്ക് ചുള്ളിപ്പറമ്പിലെ കൊയ്ത്തല പാടത്ത് ചെമ്മണ്ണ് നിറഞ്ഞതോടെയാണ് പ്രദേശത്തെ യുവതലമുറ ഒരു തീരുമാനമെടുത്തത്. ഇനി മുതൽ ഒരുതുള്ളി ചെമ്മണ്ണ് പോലും പാടത്തെ ചെളിയിൽ വീഴരുതെന്ന ഉറച്ച തീരുമാനം. അതിനൊരു പ്രതിവിധിയും ഇവർ തന്നെ കണ്ടെത്തി.
കൊയ്ത്തല പാടത്ത് നെല്ല് വിതച്ച് പഴയ കാർഷിക പെരുമ തിരിച്ചെത്തിക്കണമെന്ന്. പിന്നെ കാത്തിരുന്നില്ല ഇലവ് എന്ന പേരിൽ ഇരുപത്തൊന്ന് പേർ അടങ്ങുന്ന ഒരു കാർഷിക കൂട്ടായ്‌മ രൂപീകരിച്ചു. ഇന്ന് നിറസമൃദ്ധമാണ് സ്വർണ്ണക്കതിരണിഞ്ഞ നെൽകൃഷിയാൽ കൊയ്ത്തല പാടം.
പ്രദേശത്തെ പാരമ്പര്യ കർഷകരാണ് ഇവർക്കു വേണ്ട എല്ലാ പിന്തുണകളുമായി മുന്നിൽ നിൽക്കുന്നത്. ഇരുപത്തി ഒന്ന് അംഗങ്ങളും ഊഴം വെച്ചാണ് കൃഷിയെ പരിചരിക്കുന്നത്. ഇത്തവണ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച കാഞ്ചന ഇനത്തിൽപ്പെട്ട അത്യുൽപാദനശേഷിയുള്ള നെല്ലാണ് കൃഷിക്കായി ഇറക്കിയത്. 120 ദിവസത്തെ മൂപ്പെത്തിയ നെൽകൃഷി വിളവെടുപ്പിന് പാകമായിട്ടുണ്ട്.ഏറെ ആഘോഷമായാണ് നെൽകൃഷി വിളവെടുക്കുന്നത്.
നെൽകൃഷിയിൽ നിന്നും ലഭിക്കുന്ന നെല്ല് ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ സപ്ലൈകോയ്‌ക്ക് നൽകാനാണ് ഇവരുടെ തീരുമാനം. കാർഷിക വകുപ്പിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കുന്നതിനാൽ അടുത്ത തവണയും കൂടുതൽ കൃഷി വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ തീരുമാനം.