ഇടുക്കി: സൂര്യകാന്തി പൂക്കളോട് മലയാളിക്ക് എന്നും ഒരു പ്രത്യേക മമതയാണ്. അതുകൊണ്ട് തന്നെയാണ് സൂര്യകാന്തി വസന്തം കാണാന്‍ നിരവധി സഞ്ചാരികള്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതും. എന്നാല്‍ ഇനി സൂര്യകാന്തി പാടം കാണാന്‍ മലയാളിയ്‌ക്ക് തമിഴ്‌നാട്ടിലേക്കോ ഗുണ്ടല്‍പേട്ടിലേക്കോ വണ്ടി കയറേണ്ട . ഇങ്ങ് ഇടുക്കിയിലും വര്‍ണവിസ്‌മയം തീര്‍ത്ത് പൂവിട്ടിരിക്കുകയാണ് സൂര്യകാന്തി ചെടികള്‍.
ബൈസൺവാലിയിലെ മുട്ടുകാട് പാടശേഖരത്തിൽ എത്തിയാൽ നിറയെ പൂത്ത നിൽക്കുന്ന സൂര്യകാന്തി കണ്ട്, കണ്ണും മനസും നിറച്ച് മടങ്ങാം. ഹൈറേഞ്ചിന്‍റെ കുട്ടനാട് എന്ന് വിളിപ്പേരുള്ള മുട്ടുകാട് പണ്ടേ വിസ്‌മയമാണ്. ഏക്കർ കണക്കിന് നെൽകൃഷി അവശേഷിക്കുന്ന ജില്ലയിലെ ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്ന്. സഞ്ചാരികളെ ആകർഷിക്കുന്ന മുനിപ്പാറയും പാടശേഖരവുമൊക്കെ മുട്ടുകാടിന്‍റെ പ്രധാന സവിശേഷതയാണ്.
ഇടുക്കിയിലെ ഭൂരിഭാഗം വരുന്ന കര്‍ഷകരും നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചതാണ് മുട്ടുകാടുള്ള ജനങ്ങള്‍. എന്നാല്‍ ഇടിത്തീ പോലെ വന്നെത്തിയ കാലാവസ്ഥ വ്യതിയാനം ഇവിടുത്തെ നെല്‍കര്‍ഷകരെ തളര്‍ത്തി കളഞ്ഞു. മഞ്ഞും മഴയും കലഹിച്ച് പടിയിറങ്ങിയതോടെ മുട്ടുകാട് പാടം വരണ്ടുണങ്ങി.
ഈ സാഹചര്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മുട്ടുകാട് പാടത്ത് സൂര്യകാന്തി കൃഷി ചെയ്‌തത്. പരീക്ഷണമാകട്ടെ സമ്പൂര്‍ണ വിജയവും. ഇതിനിടെ ബൈസൺവാലി മുട്ടുകാട് വഴി ചിന്നക്കനാലിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കുവാൻ മുട്ടുകാട്ടിലെ കാർഷിക മേഖല ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് പലരും.
മുട്ടുകാട്ടിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കർഷകനും ടൂറിസം സംരഭകനുമായ ജിജോ മുട്ടുകാട് പാടത്ത് സൂര്യകാന്തി കൃഷി ഇറക്കിയത്. മുട്ടുകാട് പാടത്ത് പൂവിട്ടിരിക്കുന്നത് കേവലം സൂര്യകാന്തി ചെടികളല്ല, മുട്ടുകാടുള്ള കര്‍ഷകരുടെ അതിജീവനത്തിന്‍റെ പ്രതീക്ഷ കൂടിയാണിത്.