തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്‌ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ അവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്. മടുത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും തന്‍റെ ആത്മഹത്യക്കു പിന്നില്‍ മറ്റാരുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളതെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ അഭിരാമിയെ (30) മെഡിക്കല്‍ കോളേജിനു സമീപം പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ ഇന്നലെ (26-03-2024) വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് അഭിരാമത്തില്‍ ബാലകൃഷ്‌ണന്‍ നായരുടെയും, രമാദേവിയുടെയും മകളാണ് അഭിരാമി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്‍റ് ഡോക്‌ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ് അഭിരാമി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ പേയിംഗ് ഗസ്‌റ്റായാണ് കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടായിട്ടും അഭിരാമി മുറി തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. മരിക്കുന്നതിന് മുന്‍പായി ഇന്നലെ (26-03-2024) വൈകിട്ട് മൂന്നു മണിക്കും മാതാവുമായി സംസാരിച്ചിരുന്നു. ദിവസം 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. ആറ് മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ഡോ. പ്രതീഷാണ് ഭര്‍ത്താവ്.
പതിവായി വീട്ടില്‍ വിളിച്ചിരുന്ന അഭിരാമി, തനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കൊല്ലത്തുള്ള ഭര്‍ത്താവിനടുത്തേക്ക് ഇന്ന് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളാണോ, മറ്റെന്തെങ്കിലുമാണോ ആത്മഹത്യക്ക് പിന്നിലെ കാരണം എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരണത്തില്‍ ദൂരൂഹതയില്ലെന്നും അസ്വാഭിക മരണത്തിന് കേസെടുത്തതായും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821