ഇടുക്കി: അജയ്, മുകേഷ്, ദിവാകരൻ...ഇവർ മൂന്ന് പേരുമാണ് ഇടുക്കി ജില്ലയിലെ പാമ്പനാർ-കൊടുവാക്കരണം ബസ് റൂട്ടിലെ ഹീറോസ്. എന്നും യാത്ര ചെയ്യുന്ന വാഹനം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. അത് സ്‌കൂളിലേക്കുള്ള യാത്രയാകുമ്പോൾ സ്നേഹവും, ആത്മബന്ധവും ഒരു പടി കൂടി കടക്കും.
അങ്ങനെയാണ് ഈ മൂവർ സംഘം സ്ഥിരമായി യാത്ര ചെയ്യുന്ന മുബാറക് എന്ന ബസ്സിന്‍റെ മാതൃക നിർമ്മിക്കാൻ തീരുമാനിക്കുന്നത്. പീരുമേട് പാമ്പനാർ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥികളാണ് ഒറിജിനലിനെ വെല്ലുന്ന ഈ കുട്ടി ബസിന് പിന്നില്‍. സ്‌കൂളിലേക്കുള്ള യാത്ര ബസിനോടുള്ള സ്‌നേഹമായപ്പോൾ കുട്ടി ബസ് പ്രതീക്ഷിച്ചതിലും മനോഹരമായെന്ന് സഹപാഠികളും നാട്ടുകാരും പറയുന്നു.
വണ്ടിപ്പെരിയാർ 55-ാം മൈൽ സ്വദേശികളായ മൂവർ സംഘം നിർമിച്ച മാതൃക ബസ്സിന്‍റെ ഉടമകൾക്ക് സമ്മാനിച്ചതോടെ മറ്റൊരു വാഹന നിർമ്മാണത്തിന് ഓർഡർ നൽകിയിരിക്കുകയാണ് മുബാറക്ക് മാനേജ്മെന്‍റ്.
നിർമാണം ഇങ്ങനെ: ബസിന്‍റെ മോഡൽ നിർമ്മാണത്തിനായി കോട്ടയത്തു നിന്ന് ഫോറക്‌സ് ഷീറ്റ് ഓർഡർ ചെയ്‌ത് വരുത്തുകയായിരുന്നു. ഫോറക്‌സ് ഷീറ്റും, കോൺക്രീറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന കെട്ട് കമ്പിയും ഉപയോഗിച്ച് ബന്ധിപ്പിച്ച് ബസ്സിന്‍റെ ബോഡി നിർമ്മിച്ചു. ശേഷം ചെറിയ വീലുകൾ ഘടിപ്പിച്ചു. പ്രോജക്‌ട് ബാറ്ററിയുമായി ബന്ധിപ്പിച്ചാണ് ലൈറ്റ് നിർമ്മിച്ചത്. ഹൈറേഞ്ചിന്‍റെ സൂപ്പർവ വാഹനമായിരുന്ന ജീപ്പിന്‍റെ മാതൃകയും ഇവർ നിർമ്മിച്ചിട്ടുണ്ട്.
മുബാറക്ക് ബസ്: പീരുമേട് താലൂക്കിൽ വിവിധ റൂട്ടുകളിൽ കഴിഞ്ഞ 40 വർഷമായി സര്‍വീസ് നടത്തുകയാണ് മുബാറക്ക് ബസ് മാനേജ്‌മെന്‍റ്. ഇതിൽ പാമ്പനാർ കൊടുവാക്കരണം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസ്സിന്‍റെ മാതൃകയാണ് വിദ്യാർഥി സംഘം നിർമ്മിച്ചിരിക്കുന്നത്.