ഇടുക്കി: പാൽക്കുളംമേടിലെ പാറക്കെട്ടിൽ നിന്ന് കാൽതെന്നി താഴേക്ക് വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഇടുക്കി പൈനാവ് ഗവ: എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായ തൃശൂർ സ്വദേശി അഭിനന്ദിനാണ്(21) ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
തലയ്ക്കും മുഖത്തും പരിക്കേറ്റ അഭിനന്ദിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പാൽക്കുളംമേട് സന്ദർശിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ.
പൈനാവ് ഗവ: എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാർഥികളാണ് പാൽക്കുളംമേട് സന്ദർശിക്കാൻ എത്തിയത്. ഇതിനിടെ അഭിനന്ദ് പാറക്കെട്ടിന് മുകളിൽ നിന്നും കാൽതെന്നി താഴേയ്ക്ക് പതിക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് വിദ്യാർഥിയെ കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ കൂടെയുണ്ടായിരുന്ന ശ്രീദേവ് എന്ന വിദ്യാർഥിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.